കാറുകൾക്ക് പൊലീസ് വക സൗജന്യ പരിശോധന
text_fieldsദുബൈ: കനത്ത വേനലിൽ രാജ്യത്ത് റോഡപകട സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ കാറുകൾക്ക് സൗജന്യമായി കാര്യക്ഷമത പരിശോധന വാഗ്ദാനം ചെയ്ത് ദുബൈ പൊലീസ്. ചൂടിൽ ടയറുകൾ പൊട്ടിത്തെറിച്ചും തീപിടിച്ചുമുണ്ടാകുന്ന അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. വാഹനങ്ങളുടെ സ്ഥിരം പരിശോധനയിലൂടെ മാത്രമേ ഇത് തരണം ചെയ്യാനാകൂവെന്നാണ് വിലയിരുത്തൽ.
ആഗസ്റ്റ് അവസാനംവരെ രാജ്യത്തെ എല്ലാ ഒട്ടോപ്രോ സെന്ററുകളിലും ഈ ആനുകൂല്യം ലഭിക്കുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ‘അപകടമില്ലാത്ത വേനൽ’ കാമ്പയിനിന്റെ ഭാഗമായാണ് വേനൽകാലത്ത് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്കിലൂടെ ദുബൈ പൊലീസ് ട്രാഫിക് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ട്രാഫിക് എജുക്കേഷൻ ഡിപ്പാർട്മെന്റിൽനിന്നുള്ള ഫീൽഡ് ടീമാണ് ടയറുകളുടെ കാര്യക്ഷമതയും കാലാവധി എങ്ങനെ വിലയിരുത്താം എന്നതിനെക്കുറിച്ച് റോഡിൽ ബോധവത്കരണം നടത്തുന്നത്. വർധിച്ചുവരുന്ന റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളും പരിക്കുകളും നിയമസംവിധാനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 2023ൽ അബൂദബിയിൽ ടയർ പൊട്ടിത്തെറിച്ചുണ്ടായത് 22 അപകടങ്ങളാണ്.
10ൽപരം പരിശോധനകൾ
1. എ.സി, എയർഫിൽറ്റർ
2. സീറ്റ് ബെൽറ്റ്
3. വൈപ്പർ ബ്ലേഡ്
4. വിൻഡ്ഷീൽഡ് വാഷർ ഓയിൽ
5. റേഡിയേഷറ്റർ ഹോസ്
6. ബാറ്ററി
7. എൻജിൻ ഓയിൽ, കൂളന്റ് ലെവൽ
8. ടയറുകളുടെ പ്രഷർ
9. ഫ്ല്യൂയിഡ് ലെവൽ
10. ലൈറ്റുകൾ
അപകടം ഒഴിവാക്കാൻ ചില ടിപ്സുകൾ
1. ടയറുകളുടെ കാലാവധി കഴിഞ്ഞിട്ടില്ലെന്നും വൈബ്രേഷൻ ഇല്ലെന്നും ഉറപ്പാക്കണം
2. ഇടയ്ക്കിടെ ടയറുകളുടെ വിള്ളലുകളും ബൾജുകളും പരിശോധിക്കണം
3. എൻജിൻ ഓയിൽ യഥാസമയം മാറ്റണം
4. ഓയിൽ ലീക്ക് ഇല്ലെന്ന് ഉറപ്പുവരുത്തണം
5. സ്ഥിരമായി വാഹനം പരിശോധിക്കുന്നത് അപകടം ഒഴിവാക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.