സ്വതന്ത്ര ചിന്തകർ അധാർമികതയുടെ പ്രചാരകർ -ഹുസൈൻ മടവൂർ
text_fieldsദുബൈ: സ്വതന്ത്ര ചിന്തകർ ലക്ഷ്യമാക്കുന്നത് സഹസ്രാബ്ദങ്ങളായി മനുഷ്യവംശം ആർജിച്ചെടുത്ത ധാർമികതയും വ്യവസ്ഥിതിയും സമ്പൂർണമായും ഉപേക്ഷിക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയെയാണെന്നും അത് കുടുംബഘടനയിലും സാമൂഹിക വ്യവസ്ഥിതിയിലും അപരിഹാര്യമായ നാശനഷ്ടങ്ങൾക്ക് കാരണമാവുമെന്നും കെ.എൻ.എം ഉപാധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു.
യു.എ.ഇ ഇന്ത്യൻ ഇസ് ലാഹി സെന്ററും അൽമനാർ ഇസ് ലാമിക് സെന്ററും സംയുക്തമായി അൽഖൂസ് അൽമനാർ സെന്റര്‍ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാസ്തികവാദത്തിന് നിലനിൽപില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് യുക്തിവാദികൾ സ്വതന്ത്ര ചിന്തയുമായി ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്. ലിബറലിസം, ഫെമിനിസം, ജെന്‍ഡര്‍ ഈക്വാലിറ്റി, എൽ.ജി.ബി.ടി തുടങ്ങിയ പദപ്രയോഗങ്ങളുടെ മറവിൽ അതിവിദഗ്ധമായി യുവാക്കളെയും യുവതികളെയും അനിയന്ത്രിത ജീവിതത്തിലേക്ക് നയിക്കുകയാണ് നവയുക്തിവാദികൾ ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം തുടർന്നു. പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി പി.എ. ഹുസൈൻ ഫുജൈറ സ്വാഗതവും വൈസ് പ്രസിഡന്റ് അബ്ദുൽ വാഹിദ് മയ്യേരി നന്ദിയും പറഞ്ഞു. ഖുർആൻ ക്വിസ്, അന്താക്ഷരി മത്സരങ്ങളും ഇതോടനുബന്ധിച്ച് നടന്നു. അബ്ദുറഹിമാൻ തെയ്യമ്പാട്ടിൽ, മുഹമ്മദലി പാറക്കടവ്, മുജീബ് എക്സൽ, അഷ്റഫ് പേരാമ്പ്ര, അശ്കര്‍ നിലമ്പൂര്‍, മന്‍സൂര്‍ മദീനി, ഫൈസൽ അൻസാരി, അലി അക്ബർ ഫാറൂഖി, അബ്ദുൽ വാരിസ്, റിയാസ് ബിൻ ഹകീം തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.