തൊഴിലാളികളുടെ ബസിൽ സൗജന്യ വൈഫൈ
text_fieldsതൊഴിലാളികൾക്കായി ഏർപ്പെടുത്തിയ പുതിയ ബസ്
ദുബൈ: തൊഴിലാളികളുടെ ബസിൽ സൗജന്യ വൈഫൈയും ടെലിവിഷനും സജ്ജീകരിച്ച് യു.എ.ഇയിലെ മാൻപവർ കമ്പനി. മലയാളികളുടെ ഉടമസ്ഥതയിലുള്ള വേൾഡ് സ്റ്റാർ ഹോൾഡിങ്ങാണ് പദ്ധതി നടപ്പാക്കിയത്. ലോകത്താദ്യമായാണ് ബ്ലൂ കോളർ തൊഴിലാളികൾക്ക് ഇത്തരമൊരു സംവിധാനം ബസുകളിൽ ഒരുക്കുന്നതെന്ന് ചെയർമാൻ നിഷാദ് ഹുസ്സൻ, മാനേജിങ് ഡയറക്ടർ ഹസീന നിഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ടത്തിൽ ആറ് ബസുകളിലാണ് സംവിധാനം. 2025ഓടെ കമ്പനിയുെട കീഴിലുള്ള എല്ലാ ബസിലും നടപ്പാക്കും. നിലവിൽ 200ഓളം ബസുകൾ സർവിസ് നടത്തുന്നുണ്ട്. ജോലി കഴിഞ്ഞ് മടങ്ങുന്ന തൊഴിലാളികൾക്ക് അവരുടെ കുടുംബവുമായി വിഡിയോ കോൾ ചെയ്യാനും ചാറ്റ് ചെയ്യാനുമെല്ലാം വൈഫൈ ഉപകരിക്കും. തൊഴിലാളികൾക്കിടയിലെ മാനസിക സംഘർഷം കുറച്ച് കൂടുതൽ ഉന്മേഷവാരാക്കുക എന്നതാണ് ലക്ഷ്യം. കമ്പനിക്ക് കീഴിൽ 5000ത്തോളം തൊഴിലാളികളുണ്ട്. കൺസ്ട്രക്ഷൻ സൈറ്റുകളിൽ എത്തും മുമ്പ് ഹൈടെക് ബസുകളിൽ ജോലിസ്ഥലത്ത് പാലിക്കേണ്ട സുരക്ഷ-ബോധവത്കരണ വിഡിയോകൾ പ്രദർശിപ്പിക്കും. ദുബൈ മാൾ, ബുർജ് ഖലീഫ, ദുബൈ മെട്രോ, ഫ്രെയിം, എക്സ്പോ, ഇത്തിഹാദ് റെയിൽ എന്നിവയിലെല്ലാം ഈ സ്ഥാപനത്തിന്റെ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ജോലിത്തിരക്കിനിടയിൽ കുടുംബങ്ങളെ വിളിക്കാൻ സമയം കിട്ടാത്തവർക്ക് ഇത് പരിഹാരമാകുമെന്നും അവർ പറഞ്ഞു. ഹൈടെക് ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും നടന്നു. മാനേജർമാരായ എം. പ്രജീഷ്, അൻസീർ അബൂബക്കർ, മുഹമ്മദ് ഷാഹിദ്, ഷാജഹാൻ ഇബ്രാഹിം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.