ഫ്രീലാൻസ് പ്രഫഷനൽസ് ലൈസൻസ്: 11 വാണിജ്യ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി
text_fieldsഅബൂദബി: പൗരന്മാർക്കും താമസക്കാർക്കും അല്ലാത്തവർക്കും ലോകത്തിെൻറ ഏതുഭാഗത്തിരുന്നും അബൂദബിയിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് അനുവാദം നൽകുന്ന ഫ്രീലാൻസ് പ്രഫഷനൽ ലൈസൻസിൽ പുതിയ 11 വാണിജ്യ പ്രവർത്തനങ്ങൾക്കൂടി സാമ്പത്തിക വികസന മന്ത്രാലയം കൂട്ടിച്ചേർത്തു. ഏകാംഗ ഉടമത്വ കമ്പനികൾക്കാണ് ഈ അനുമതി ലഭിക്കുക. അക്കൗണ്ടിങ്, ഓഡിറ്റിങ്, അനലൈസിങ്, റിവ്യൂവിങ്, അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് സിസ്റ്റംസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ശരീഅത്ത് റിവ്യൂ കൺസൾട്ടൻസികൾ, ടാക്സുമായി ബന്ധപ്പെട്ട കൺസൾട്ടൻസികൾ, ഇലക്ട്രോണിക്സ് നെറ്റ് വർക്സ്, ഇലക്ട്രോണിക് സെക്യൂരിറ്റി, ഇന്നോവേഷൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വിവര സാങ്കേതിക ശൃംഖല സേവനങ്ങൾ, ഇലക്ട്രോണിക് ചിപ്പുകളുടെ രൂപകൽപനയും പ്രോഗ്രാമിങ്ങും, ഡാറ്റാബേസ് സംവിധാനങ്ങളുടെ രൂപകൽപന, ഇലക്ട്രോണിക് റിസ്ക് മാനേജ്മെൻറ് സേവനങ്ങൾ മുതലയാവയാണ് ഫ്രീലാൻസ് ഫ്രഫഷനൽ ലൈസൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ നടപടിയിലൂടെ സാങ്കേതിക തൊഴിൽ അവസരങ്ങൾ വർധിക്കുകയും ഇതിലൂടെ അബൂദബിയിൽ ബിസിനസ് സാഹചര്യങ്ങളെ ശക്തിപ്പെടുത്താൻ കഴിയുമെന്നും വകുപ്പ് അണ്ടർ സെക്രട്ടറി റാശിദ് അബ്ദുൽകരീം അൽ ബലൂഷി അറിയിച്ചു. ഫ്രീലാൻസ് പ്രഫഷനൽ ലൈസൻസ് പ്രഖ്യാപിച്ചത് മുതൽ ഇതുവരെ 1784 ലൈസൻസുകൾ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഫ്രീലാൻസ് ലൈസൻസ് അബൂദബി സാമ്പത്തികവ്യസ്ഥയെ അനുകൂലമായി സ്വാധീനിക്കുന്നതിനുപുറമെ വിദൂരത്തിരുന്നും വരുമാനമുണ്ടാക്കാൻ വ്യക്തികൾക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിർദിഷ്ട മേഖലയിൽ കുറഞ്ഞത് മൂന്നുവർഷം അനുഭവപരിചയമുള്ളവർക്കോ അക്കാദമിക്, പ്രഫഷനൽ നേട്ടമോ കൈവരിച്ചവർക്കാണ് ഫ്രീലാൻസ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയുക. ലൈസൻസ് ലഭിക്കുന്നവർക്കും കുടുംബത്തിനും റെസിഡൻറ് വിസയും ലഭിക്കും. www.adbc.gov.ae എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.