ഹാഫിയയില്‍ പുത്തന്‍ സൂര്യോദയം
text_fieldsഭൂമുഖത്ത് നിന്ന് അനുദിനം ഇല്ലാതായി കൊണ്ടിരിക്കുന്ന ജീവജാലങ്ങളുടെ പട്ടിക ഏതൊരു പ്രകൃതി സ്നേഹിയേയും ദുഖത്തിലാഴ്ത്തുന്നതാണ്. പലരാജ്യങ്ങളിലും ഇത്തരം ജീവജാലങ്ങളുടെ സംരക്ഷണത്തിന് കേന്ദ്രങ്ങള്‍ സ്ഥാപിതമായിട്ടുണ്ടെങ്കിലും തിരിച്ചു വരാത്തവിധം ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെട്ടത് നിരവധി ജീവികളാണ്.
ഹരിത മേഖലകളില്‍ നിന്നും മരുഭൂമികളില്‍ നിന്നും ജീവജാലങ്ങള്‍ കുറ്റിയറ്റു പോകുന്ന വേളയിലാണ് ഷാര്‍ജയുടെ സാംസ്കാരിക കരങ്ങള്‍ അവയെ ചേര്‍ത്ത് പിടിച്ചത്.ശുചിത്വ നഗരവും കണ്ടല്‍ കാടുകളുടെ റാണിയുമായ കല്‍ബയുടെ തണലില്‍ നിര്‍മ്മിച്ച ഹാഫിയ പുനരധിവാസ കേന്ദ്രം ഇന്ന് നിരവധി ജന്തുക്കളുടെ പ്രതീക്ഷയുടെ തുരുത്താണ്.കൽബയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന വന്യജീവി സംരക്ഷണ കേന്ദ്രമായ അല്‍ ഹാഫിയ ഒരേ സമയം പ്രകൃതിയേയും ജീവികളെയും സംരക്ഷിക്കുന്ന തിരക്കിലാണ്.
2016 ൽ തുറന്ന ഈ സംരക്ഷണ കേന്ദ്രം വന്യജീവി സങ്കേതവും സന്ദർശക കേന്ദ്രവുമാണ്. കാട്ടിലും മരുഭൂമികളിലും വംശനാശം സംഭവിച്ചതായി കരുതപ്പെടുന്ന അറേബ്യൻ പുള്ളിപ്പുലികൾ ഉൾപ്പെടെ 30 ഓളം മൃഗങ്ങളെ കേന്ദ്രത്തിൽ സംരക്ഷിച്ചിരിക്കുന്നു. വംശനാശഭീഷണി നേരിടുന്ന പർവത ജീവികളുടെ സംരക്ഷണത്തിലെ പ്രധാന ചുവടുവെപ്പായി ഇതിനെ ലോകം പ്രശംസിച്ചു, സ്ഥാപക വര്‍ഷത്തിൽ തന്നെ മിഡിൽ ഈസ്റ്റ് ആർക്കിടെക്റ്റ് വിദ്യാഭ്യാസ പദ്ധതി അവാർഡ് നേടി. അറേബ്യൻ ഉപദ്വീപിൽ കാണപ്പെടുന്ന പുള്ളിപ്പുലിയാണ് അറേബ്യൻ പുള്ളിപ്പുലി, ഇത് ഗുരുതരമായ വംശനാശഭീഷണിയാണ് നേരിടുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ പുള്ളിപ്പുലിയാണ് ഇത്. സെൻസസ് അനുസരിച്ച് ആകെ 250 ൽ കുറവായ അറേബ്യൻ പുള്ളിപ്പുലികൾ മാത്രമാണ് ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളിൽ ജീവിക്കുന്നത്. അല്‍ ഹാഫിയയില്‍ ഇവയുടെ പുതുതലമുറ ഇപ്പോള്‍ ആര്‍ത്തുല്ലസിക്കുകയാണ്.
പ്രകൃതിദത്തമായ അന്തരീക്ഷത്തിൽ പർവത ജന്തുജാലങ്ങളെ പാർപ്പിക്കുന്ന നിരവധി ലാൻഡ്‌സ്‌കേപ്പ് എൻക്ലോസറുകൾ ഈ കേന്ദ്രത്തിലുണ്ട്. അൽ ഹജർ പർവതനിരകളിലെ വാദി അൽ ഹെലോ, ഖോർഫക്കാന്‍, കൽബ പ്രദേശങ്ങളിൽ നിന്നുള്ളവയാണ് ഇവ. സ്വഭാവിക ആവാസ വ്യവസ്ഥയിലാണ് ഇവ ഉല്ലസിക്കുന്നത്.
ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഗുരുതര വംശനാശഭീഷണി നേരിടുന്ന പുള്ളിപ്പുലിക്ക് പുറമേ, അറേബ്യൻ ചെന്നായ, അറേബ്യൻ വരയാട്, ഗസല്‍, ഭൂമിയില്‍ ആനയുടെ ബന്ധു എന്ന് വിളിക്കുന്ന റോക്ക് ഹൈറാക്സ് തുടങ്ങിയ മൃഗങ്ങളെയും അല്‍ ഹാഫിയ സംരക്ഷിക്കുന്നു.
പാമ്പുകൾ, പല്ലികൾ, മുള്ളൻപന്നി എന്നിവയുടെ സംരക്ഷണത്തിനായി മുറികള്‍സജ്ജമാക്കിയിരിക്കുന്നു.ശ്രദ്ധേയമായ പ്രകൃതിദൃശ്യങ്ങൾ, വൈവിധ്യമാർന്ന ആവാസവ്യവസ്ഥകൾ, ഓരോ പ്രകൃതിസ്‌നേഹികൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് കൽബ കൺസർവേഷൻ റിസർവിനെ ശ്രദ്ധേയമാക്കുന്നത്.ഒമാൻ അതിർത്തിയിൽ, ഷാർജയുടെ കിഴക്കൻ തീരത്താണ് കൽബ കൺസർവേഷൻ റിസർവ് സ്ഥിതിചെയ്യുന്നത്, ഷാർജ സിറ്റി സെൻററിൽ നിന്ന് 90 മിനിറ്റ് സഞ്ചരിക്കണം.
കേന്ദ്രത്തിലെ പ്രത്യേക വാഹനത്തിലൂടെ സഞ്ചരിച്ച് ജീവജാലങ്ങളെ കാണുവാനുള്ള അവസരം ഇവിടെയുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് 06 531 1501 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.