പക്ഷിപ്പനി ബാധിത രാജ്യങ്ങളിൽ നിന്ന്: കോഴി-ഇറച്ചി ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം
text_fieldsദുബൈ: നവംബർ-ഡിസംബർ മാസങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ച രാജ്യങ്ങളിൽനിന്ന് കോഴി ഉൾപ്പെടെ പക്ഷികളുടെയും മാംസ ഉൽപന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചതായി യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥ വ്യതിനായന മന്ത്രാലയം (മോക്ക) അറിയിച്ചു. എന്നാൽ ഇൗജിപ്ത്, ഹംഗറി എന്നീ രാജ്യങ്ങളിൽനിന്ന് അലങ്കാര പക്ഷികൾ, ഇറച്ചിക്കോഴികൾ, കുഞ്ഞുങ്ങൾ, കാട്ടുജീവികൾ, വിരിയിക്കുന്ന മുട്ടകൾ, സംസ്കരിച്ച ഗോമാംസം, ആട്, ആട്ടിൻകിടാവ്, കോഴി ഇറച്ചി എന്നിവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്നതായും (മോക്ക) വ്യക്തമാക്കി. യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയവും ഈജിപ്തിലെ കൃഷി, ഭക്ഷ്യ നിയന്ത്രണ മന്ത്രാലയവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം.
മാത്രമല്ല, വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (ഒ.ഐ.ഇ) ഈജിപ്തിലെ കോഴി ഫാമുകൾ ഏവിയൻ ഇൻഫ്ലുവൻസ വൈറസിൽനിന്ന് മുക്തമാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് പക്ഷി-മൃഗ-മാംസ ഉൽപന്നങ്ങളുടെ ഇറക്കുമതി അനുവദിച്ചത്. രാജ്യം ഇപ്പോൾ വൈറസിൽനിന്ന് മുക്തമാണെന്ന് ഒ.ഇ.ഇയിൽനിന്ന് സ്ഥിരീകരണം ലഭിച്ചതിനെത്തുടർന്ന് ഹംഗറിയിൽനിന്നുള്ള വളർത്തുമൃഗങ്ങളുടെ ഇറക്കുമതിയുടെ നിരോധനവും മന്ത്രാലയം പിൻവലിച്ചിട്ടുണ്ട്. ഒ.ഐ.ഇയിൽനിന്നുള്ള അറിയിപ്പ് പ്രകാരം 2020 നവംബർ, ഡിസംബർ മാസങ്ങളിൽ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിൽനിന്ന് പക്ഷികളെയും അവയുടെ ഉപോൽപന്നങ്ങളെയും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് മോക്ക ഒമ്പത് നിർദേശങ്ങളും പുറപ്പെടുവിച്ചു.
എട്ടു നിർദേശങ്ങളും പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ ഇറക്കുമതി നിരോധനത്തെയാണ് സൂചിപ്പിക്കുന്നത്. യുക്രെയ്ൻ, ക്രൊയേഷ്യ, സ്വീഡനിലെ കൗണ്ടി, ഫ്രഞ്ച് ദ്വീപായ കോർസിക്ക, നെതർലൻസ്, ജർമനി, ഡെൻമാർക്ക്, റഷ്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങൾ രോഗരഹിതമെന്ന് പ്രഖ്യാപിക്കുന്നതുവരെ കാട്ടുപക്ഷികൾ, അലങ്കാരപ്പക്ഷികൾ, കുഞ്ഞുങ്ങൾ, വിരിയിക്കുന്ന മുട്ടകൾ, കോഴി ഇറച്ചി എന്നിവയുടെ ഇറക്കുമതിക്ക് പൂർണമായും നിരോധമേർപ്പെടുത്തി. സ്വീഡനിൽനിന്ന് ഒക്ടോബർ 23നു ശേഷം സ്കെയ്ൻ കൗണ്ടിയിലും മറ്റ് പ്രദേശങ്ങളിലും ഉൽപാദിപ്പിക്കപ്പെടുന്ന കോഴി ഇറച്ചി അടങ്ങിയ ചരക്കുകൾ നിരസിക്കുന്നത് ഉൾപ്പെടെ നിയന്ത്രണങ്ങളും മോക്ക ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സർട്ടിഫിക്കേഷൻ മന്ത്രാലയവും സ്വീഡിഷ് മന്ത്രാലയും സമ്മതിക്കുന്നതുവരെ ഇതേ സ്ഥിതി തുടരാനാണ് സാധ്യത. കൂടാതെ, ഒക്ടോബർ 17നു ശേഷം കോർസിക്കയിലും ഫ്രാൻസിലെ മറ്റു പ്രദേശങ്ങളിലും ഉൽപാദിപ്പിക്കുന്ന മുട്ടകളും കോഴി മാംസവും അടങ്ങിയ ചരക്കുകൾ നിരസിക്കുന്നതിനും മോക്ക തീരുമാനമെടുത്തിരുന്നു.
ഒമ്പതാമത്തെ നിർദേശം യു.കെയിൽനിന്ന് വരുന്ന ചരക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുന്നതാണ്. ഒക്ടോബർ 14നു ശേഷം ഹെർഫോഡ്ഷെയർ കൗണ്ടി, ചെഷയർ വെസ്റ്റ്, ചെസ്റ്റർ എന്നിവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന മുട്ടകളും കോഴി ഇറച്ചിയും അടങ്ങിയ ചരക്കുകൾ നിരസിക്കുന്നതും ആരോഗ്യ സർട്ടിഫിക്കറ്റ് ഫോം അംഗീകരിക്കുന്നതുവരെ ഭാവിയിൽ ബാധിക്കാനിടയുള്ള മറ്റു പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, പക്ഷിപ്പനി ബാധിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽനിന്നാണ് വരുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്ന ആരോഗ്യ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് വിധേയമായി പക്ഷികളുടെ ഇറക്കുമതി, മുട്ട, മാംസം ഇറക്കുമതി എന്നിവ അനുവദനീയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.