സൗഹൃദങ്ങളുടെ സ്നേഹവലയത്തിൽനിന്ന് കുടുംബത്തിന്റെ കരുതലിലേക്ക്
text_fieldsദുബൈ: മൂന്നു പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ഇസ്മായിൽ കൊടിഞ്ഞി നാട്ടിലേക്ക് പോകുകയാണ്. മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തിൽ നിന്ന് 1992 ആഗസ്റ്റ് എട്ടിനാണ് ഇദ്ദേഹം യു.എ.ഇയിൽ എത്തിയത്. 26ം വയസ്സിൽ തുടങ്ങിയതാണ് പ്രവാസം.
നീണ്ട 31 വർഷത്തിനിടയിൽ യു.എ.ഇയുടെ വളർച്ച നേരിൽ അനുഭവിച്ചറിയാൻ കഴിഞ്ഞ വ്യക്തികളിൽ ഒരാളാണിദ്ദേഹം. ജ്യേഷ്ഠൻ മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിൽ അബൂദബിയിൽ പ്രവർത്തിച്ചിരുന്ന റഷീഖ ടൈപിങ് ഷോപ്പിൽ അറബിക്-ഇംഗ്ലീഷ് ടൈപിസ്റ്റായാണ് തുടക്കം.
പിന്നീട് അൽ ഐനിൽ അബൂദബി കൊമേഴ്സ്യൽ ബാങ്കിലും അബൂദബിയിൽ എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിലും അബൂദബിയിലും അൽ ഐനിലും ശഹാമയിലുമായി നാഷണൽ ബാങ്ക് ഓഫ് അബൂദബി (ഫസ്റ്റ് അബൂദബി ബാങ്ക്)യിലും വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു. ഇക്കാലമത്രയും യു.എ.ഇയിലെ സാമൂഹിക- സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രാദേശിക കൂട്ടായ്മകളിലും സജീവമായിരുന്നു ഇദ്ദേഹം. കേരളത്തിലുടനീളം വ്യത്യസ്ത പ്രദേശങ്ങളിലെ ധാരാളം വ്യക്തികുടുംബ സുഹൃത്തുക്കളെ ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സമ്പാദ്യം. 57ാം വയസ്സിൽ സൗഹൃദങ്ങളുടെ സ്നേഹവലയത്തിൽനിന്നാണ് അദ്ദേഹം കുടുംബങ്ങളുടെ കരുതലിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തിയാലും മത സാമൂഹിക രംഗങ്ങളിൽ സജീവമാകാനാണ് താല്പര്യമെന്ന് പറഞ്ഞുവെക്കുന്നു ഇസ്മായിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.