ഇന്ധനവില പുതുക്കി; പെട്രോൾ, ഡീസൽ വില കൂടി
text_fieldsദുബൈ: യു.എ.ഇയിൽ ആഗസ്റ്റ് മാസത്തിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. ജൂലൈ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില വർധിച്ചു. സൂപ്പർ 98 പെട്രോൾ ലിറ്ററിന് ആറ് ഫിൽസും സ്പെഷൽ 95 പെട്രോളിന് അഞ്ച് ഫിൽസും ഇപ്ലസ് 91ന് ആറ് ഫിൽസുമാണ് കൂടിയത്.
ഡീസലിന് ആറ് ഫിൽസും കൂടി. ആഗസ്റ്റിൽ സൂപ്പർ 98 പെട്രോളിന് 2.99 ദിർഹമിൽ നിന്ന് 3.05 ദിർഹമാകുമ്പോൾ സ്പെഷൽ 95 പെട്രോൾ വില 2.88 ദിർഹമിൽ നിന്ന് 2.93 ദിർഹമായും ഇപ്ലസ് 91ന് 2.80ൽ നിന്ന് 2.86 ദിർഹമായും വർധിക്കും. ഡീസൽ വില 2.80ൽ നിന്ന് 2.95 ആയും വർധിക്കും.
ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് വില നിർണയ സമിതി രാജ്യത്ത് വില പുതുക്കി നിശ്ചയിക്കുന്നത്. കഴിഞ്ഞ രണ്ട് മാസം തുടർച്ചയായി ഇന്ധന വില കുറവായിരുന്നു. അതേസമയം, വില വർധനക്ക് ആനുപാതികമായി യു.എ.ഇയിലെ ടാക്സി നിരക്കുകളിലും മാറ്റം വരും.
അജ്മാൻ എമിറേറ്റിലെ ഗതാഗത വകുപ്പായ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഇതിനകം ടാക്സി നിരക്കുകൾ വർധിപ്പിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ കിലോമീറ്ററിനും 1.83 ദിർഹം ഈടാക്കുമെന്നാണ് അതോറിറ്റി അറിയിച്ചിട്ടുള്ളത്. ജൂലൈയിൽ കിലോമീറ്ററിന് 1.82 ദിർഹമായിരുന്നു നിരക്ക്. നിലവിലെ നിരക്കില്‍ നിന്നും ഒരു ഫിൽസാണ് ആഗസ്റ്റിൽ അധികം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.