ഇന്ധന വില: ഉബറും നിരക്ക് വർധിപ്പിക്കുന്നു
text_fieldsദുബൈ: ഇന്ധനവില വർധനയെ തുടർന്ന് ടാക്സി സേവന ദാതാക്കളായ ഉബറും നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചു. ഷാർജ ടാക്സിക്ക് പിന്നാലെയാണ് ഉബറിന്റെ തീരുമാനം. ചില ട്രിപ്പുകൾക്ക് 11 ശതമാനം വരെ വർധനയുണ്ടായേക്കുമെന്നാണ് സൂചന. ഉപഭോക്താക്കൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ധന വില വർധനയുടെ ഭാരം ഡ്രൈവർമാരെ കാര്യമായി ബാധിക്കാതിരിക്കാനാണ് നിരക്ക് വർധനയെന്നും അവർ പറയുന്നു.
ഇന്ധന വിലക്കനുസരിച്ച് ടാക്സി നിരക്ക് കൂടുകയും കുറയുകയും ചെയ്യുന്ന സംവിധാനം ഷാർജ ടാക്സി നടപ്പാക്കിയിരുന്നു. ഷാർജയിലെ ടാക്സി നിരക്ക് ഓരോ മാസവും മാറിക്കൊണ്ടിരിക്കും. ഇന്ധനവില കൂടുന്നതിനനുസരിച്ച് ടാക്സിനിരക്ക് വർധിക്കുകയും കുറഞ്ഞാൽ നിരക്ക് കുറയുകയും ചെയ്യും. ഷാർജ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ 10 ദിർഹമാണ് മിനിമം നിരക്ക്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇന്ധനവില വർധിക്കുന്നത് പതിവാണ് യു.എ.ഇയിൽ.
ഇനിയും നിരക്ക് വർധിച്ചാൽ അത് പ്രവാസികൾ അടക്കമുള്ള സാധാരണക്കാരെ നേരിട്ട് ബാധിക്കും. 2022 ജനുവരി മുതൽ യു.എ.ഇയിൽ പെട്രോൾ വില 56 ശതമാനത്തിലധികം ഉയർന്നിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധമാണ് പ്രധാന കാരണം.
വീണ്ടും ഇന്ധനവില വർധിച്ചു
ദുബൈ: രാജ്യത്ത് വീണ്ടും ഇന്ധനവിലയിൽ വർധന. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഈ മാസം നൽകേണ്ടിവരുന്നത്. 4.15 ദിർഹമായിരുന്ന സൂപ്പർ പെട്രോളിന് 4.63 ദിർഹമായി വർധിച്ചു. 11.5 ശതമാനം വർധന. സ്പെഷലിന് 4.03 ദിർഹമിൽനിന്ന് 4.52 ദിർഹമായി (12.1 ശതമാനം വർധന). ഡീസൽവില 14.9 ശതമാനമാണ് കൂടിയത്. 4.14 ദിർഹമിൽ നിന്ന് 4.76 ദിർഹമായി ഉയർന്നു. ഇ-പ്ലസിന് 3.96 ദിർഹമിൽ നിന്ന് 4.44 ദിർഹമായി. ഈ വർഷം 50 ശതമാനത്തിലേറെയാണ് ഇന്ധനവില വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.