വികസനക്കുതിപ്പിൽ ഫുജൈറ; പ്രതീക്ഷയായി ഇത്തിഹാദ് റെയിൽ
text_fieldsഫുജൈറ വികസനക്കുതിപ്പ് തുടരുകയാണ്. സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ ദീര്‍ഘവീക്ഷണത്തിലും ഫുജൈറ കിരീടാവകാശിയായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ നിരീക്ഷണത്തിലും ഫുജൈറ വികസനത്തില്‍ മുന്നേറുകയാണ്.
യു.എ.ഇയിലെ കിഴക്കന്‍തീരത്തുള്ള ഒരേയൊരു ബഹുരാഷ്ട്ര തുറമുഖമാണ് ഫുജൈറ തുറമുഖം. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന് 90 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന വളരെ തന്ത്ര പ്രധാനമായ തീരമാണ് ഫുജൈറക്കുള്ളത്. അഞ്ചു വര്‍ഷം മുമ്പ് 2017 ല്‍ ഒരു ലക്ഷം കോടി ദിര്‍ഹമിന്റെ വികസനപദ്ധതിയുമായി അബുദബി പോര്‍ട്ട് കമ്പനിയുമായി ഫുജൈറ പോര്‍ട്ട് കരാര്‍ ഒപ്പുവെച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുകയും തുറമുഖത്തെ യാത്രാ ചരക്കു കപ്പലുകളുടെ നിയന്ത്രണങ്ങള്‍ ഏറ്റെടെക്കുകയും ചെയ്തു.
കരാര്‍ പ്രകാരം വലിയ കപ്പലുകള്‍ക്ക് തുറമുഖവുമായി അടുക്കാന്‍ വിധത്തില്‍ ബെര്‍ത്തുകളുടെ ആഴം പതിനാറു മീറ്ററോളം വർധിപ്പിച്ചും കൂടുതല്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ സൗകര്യത്തില്‍ യാര്‍ഡിന്റെ വിസ്തീർണം മൂന്ന് ലക്ഷം ചതുരശ്ര മീറ്ററായി വർധിപ്പിക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുന്നു. കൂടാതെ നൂതനമായ സാങ്കേതിക വിദ്യകളുപയോഗിച്ച് തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതും പുരോഗമിക്കുന്നു.
പണി പൂര്‍ത്തിയാവുന്നതോടെ വലിയ യാത്ര ചരക്കു കപ്പലുകള്‍ക്ക് ഫുജൈറ തുറമുഖത്തിനോട് അടുക്കാന്‍ സാധിക്കും. അതുവഴി വലിയ തോതിലുള്ള വികസനത്തിന് കാരണമാകുകയും ചെയ്യും. 2030ഓടെ ജി.സി.സി രാജ്യങ്ങള്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡം, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുമായി വ്യാപാരം ശക്തിപെടുത്താനും വാണിജ്യപരമായി വന്‍ മുന്നേറ്റമുണ്ടാക്കാന്‍ യു.എ.ഇ ക്ക് സാധ്യമാകുകയും ചെയ്യും.
എണ്ണ സംഭരണ കേന്ദ്രം
തന്ത്ര പ്രധാനമായ തുറമുഖം എന്നത് ഫുജൈറയെ യു.എ.ഇയുടെ പ്രധാന എണ്ണ സംഭരണ കേന്ദ്രമായി മാറ്റിയിട്ടുണ്ട്. അബുദാബി-ഹബ്ഷാനില്‍ നിന്ന് ഫുജൈറയിലേക്ക് എണ്ണ എത്തിക്കാന്‍ 360കിലോമീറ്റര്‍ നീളവും 48ഇഞ്ച് വ്യാസവുമുള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ചത് 2012ലായിരുന്നു. തുടര്‍ന്ന് എണ്ണ സംഭരണ മേഖലയില്‍ നിരവധി കമ്പനികളാണ് ഇവിടെ നിക്ഷേപമിറക്കിയത്. തുടക്കത്തില്‍ അഞ്ചു ദശലക്ഷം ക്യുബിക് മീറ്റർ സംഭരണ ശേഷിയുണ്ടായിരുന്നത് ഇപ്പോ ള്‍ ഏകദേശം പതിനാല് ദശലക്ഷം ക്യുബിക് മീറ്ററായി ഉയര്‍ന്നിട്ടുണ്ട്.
ഫുജൈറ ഫ്രീ സോൺ നൽകുന്ന നിക്ഷേപ അവസരങ്ങൾക്ക് പുറമെ, ഫുജൈറ തുറമുഖത്തിന്റെ നൂതന ഇൻഫ്രാസ്ട്രക്ചർ, അത് നൽകുന്ന ലോജിസ്റ്റിക് സേവനങ്ങൾ, കപ്പലുകൾക്ക് അത് നൽകുന്ന സജീവമായ സേവനങ്ങൾ എന്നിവയുൾപ്പെടെ, എമിറേറ്റിന്റെ നാവിക മേഖലയിലേക്ക് നിക്ഷേപ അവസരങ്ങൾ ആകർഷിക്കുന്നതാണ് പ്രയോജനപ്രദമായ സവിശേഷതകൾ.
ദിബ്ബ അൽ ഫുജൈറ തുറമുഖം നവീകരിക്കാനും 650 മീറ്റർ നീളവും 18 മീറ്റർ ആഴവുമുള്ള രണ്ട് ബെർത്തുകൾ നിർമ്മിച്ച് ഒരു മൾട്ടി-ഉപയോഗ വാണിജ്യ തുറമുഖമാക്കി മാറ്റാനും മണിക്കൂറിൽ 4,000 ടൺ ലോഡിംഗ് ശേഷിയോടു കൂടിയ ക്രെയിനുകൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ നിര്‍മാണത്തില്‍ ഏർപ്പെട്ടിരിക്കുകയാണ് ഫുജൈറ സര്‍ക്കാര്‍.
ഫുജൈറ ഫ്രീ സോൺ
വ്യവസായ സ്ഥാപനങ്ങള്‍ക്കും മറ്റും ഫുജൈറ ഫ്രീ സോൺ നിരവധി നിക്ഷേപ അവസരങ്ങൾ ആണ് വാഗ്ദാനം ചെയ്യുന്നത്. വളരെ എളുപ്പത്തിലും കുറഞ്ഞ താരിഫ് നിരക്കിലും സ്ഥാപനങ്ങള്‍ തുടങ്ങാം എന്നുള്ളത് സംരംഭകര്‍ക്ക് വളരെ ആശ്വാസം നല്കുന്ന കാര്യങ്ങള്‍ ആണ്. ഫുജൈറ കസ്റ്റംസ് ഡിപ്പാർട്ട്മെൻറ് അതിന്റെ പ്രവർത്തനം നവീകരിക്കുന്നതിനും കസ്റ്റംസ് പരിശോധനകൾ സുഗമമാക്കുന്നതിനും ഇടപാടുകൾ വേഗത്തിലും കൃത്യമായും പൂർത്തിയാക്കുന്നതിനും വേണ്ടി ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
പെട്രോളിയം ടെർമിനൽ
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബങ്കറിങ് കേന്ദ്രമാണ് ഫുജൈറയിലെ പെട്രോളിയം ടെർമിനൽ. വിവിധ തരം ചരക്കുകൾ, കല്ലുകൾ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ കഴിവുള്ള എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഇരുപതിലധികം വൈവിധ്യമാർന്ന ബർത്തുകൾ ഇവിടെയുണ്ട്. ഇത്തിഹാദ് റെയിൽവെയുടെ നിർമാണം പൂര്‍ത്തിയാകുന്നതോടെ ഫുജൈറ പോര്‍ട്ട് മേഖലയിലും ഫ്രീസോണ്‍ മേഘലയിലും വന്‍ കുതിപ്പാകും ഉണ്ടാകുക. ഫുജൈറയില്‍ സ്ഥാപിക്കുന്ന ആദ്യത്തെ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ടൂറിസം മേഖലയിലും വന്‍ സാധ്യതകള്‍ ആണ് ഫുജൈറക്ക് തുറന്നു കിട്ടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.