ഫുജൈറയിൽ നിന്ന് സർവിസ് : ഇന്ത്യൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തി ഫുജൈറ എയർപോർട്ട് അതോറിറ്റി
text_fieldsഫുജൈറ വിമാനത്താവളം
ദുബൈ: ഫുജൈറയിൽനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് വിമാന സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിമാനക്കമ്പനികളുമായി ഫുജൈറ എയർപോർട്ട് അതോറിറ്റി ചർച്ചകൾ ആരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായാണ് ഫുജൈറ വിമാനത്താവളം ഇതിനകം ചർച്ചകൾ പൂർത്തിയാക്കിയത്.
എയർ ഇന്ത്യ അധികൃതർ ഫുജൈറ വിമാനത്താവളം സന്ദർശിച്ചുവെന്നും വിമാനത്താവളം അധികൃതർ വ്യക്തമാക്കി. വിമാനകമ്പനികൾക്ക് വിമാനത്താവളത്തിൽ വരുന്ന ചെലവുകൾ പരമാവധി കുറക്കാം എന്ന് എയർപോർട്ട് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക വിമാനക്കമ്പനികളും സർവിസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ഇന്ത്യയിൽനിന്ന് യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് പറക്കുന്നതിനേക്കാൾ കുറഞ്ഞ ഇന്ധന ചെലവിൽ ഫുജൈറയിലേക്ക് പറക്കാൻ കഴിയും.
എല്ലാ യു.എ.ഇ നഗരങ്ങളിലേക്കും ഫുജൈറയിലേക്ക് എത്താനുള്ള വാഹനസൗകര്യം, സിറ്റി ചെക്ക് ഇൻ സൗകര്യം എന്നിവയും ഉറപ്പാക്കുന്നുണ്ട്. നിലവിൽ ഒമാന്റെ സലാം എയർ മാത്രമാണ് ഫുജൈറയിൽനിന്ന് സർവിസ് നടത്തുന്നത്. മസ്കത്ത് വഴി തിരുവനന്തപുരം, ലഖ്നോ, ജയ്പുർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് ഫുജൈറയിൽനിന്ന് നിറയെ യാത്രക്കാരുമുണ്ട്.
ഫുജൈറയിൽനിന്ന് ഇന്ത്യൻ വിമാനങ്ങൾ സർവിസ് തുടങ്ങുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറെ സഹായകമാവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.