എണ്ണ, ഗ്രീസ് മാലിന്യ സംസ്കരണ പദ്ധതിയുമായി ഫുജൈറ മുനിസിപ്പാലിറ്റി
text_fieldsഫുജൈറ: ഉപയോഗശേഷമുള്ള എണ്ണയുടെയും ഗ്രീസിന്റെയും മാലിന്യങ്ങളിൽനിന്ന് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ നിർമിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി ഫുജൈറ മുനിസിപ്പാലിറ്റി.
ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ ബ്ലൂ സര്‍ക്കിളുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 1,83,185 ലിറ്റർ എണ്ണയും 2,49,948 ടൺ ഗ്രീസും മുനിസിപ്പാലിറ്റി ശേഖരിച്ചുകഴിഞ്ഞു. ഇവ സംസ്കരിച്ച് സോപ്പ്, വളം, ജൈവ ഇന്ധനം തുടങ്ങിയവയായി മാറ്റാനുള്ള പദ്ധതിക്കാണ് രൂപം നൽകിയത്. ഇതിനായി ആധുനികമായ പരിസ്ഥിതി അനുകൂല രീതികൾ ഉപയോഗപ്പെടുത്തുമെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ മുഹമ്മദ് സെയ്ഫ് അൽ അഫ്ഖാം പറഞ്ഞു.
എണ്ണയും ഗ്രീസും സംസ്കരിച്ച് സോപ് ഉൽപാദനം, ജൈവ ഇന്ധന നിർമാണം തുടങ്ങിയവ വ്യവസായങ്ങളിൽ ഉപയോഗിക്കുന്നതോടൊപ്പം സംസ്കരിച്ച വെള്ളം കൃഷി ആവശ്യത്തിനുള്ള ജലസേചനത്തിനും ഉപയോഗ്യമാക്കും. പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും പ്രോത്സാഹിപ്പിക്കുക എന്ന ഫുജൈറ മുനിസിപ്പാലിറ്റിയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അൽ അഫ്ഖാം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണിത്.
കാർബണിന്റെ അളവ് കുറക്കുന്നതിലൂടെ അന്തരീക്ഷം പാരിസ്ഥിതിക സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.