കാറ്റും കരയും കഥ പറയുന്ന ഫുജൈറ
text_fieldsപ്രശാന്തവും പ്രകൃതി രമണീയവുമാണ് ഫുജൈറ. ഒരു ജനപഥം അവശേഷിപ്പിച്ച പൈതൃകാടയാളങ്ങൾ അനവദ്യ സുന്ദരമായി അടയാളപ്പെട്ടു കിടക്കുന്ന ഇമാറാത്തിലെ ഒരു പ്രവിശ്യയാണ് ഫുജൈറ. മനസ്സുകളെ ആയിരത്താണ്ടുകൾക്കപ്പുറത്തേക്ക് മറിച്ചിടും ഇവിടുത്തെ കാഴ്ചകൾ. പുരാവസ്തുക്കളുടെ കണ്ടെത്തൽ ബി.സി നാലായിരം മുമ്പ് വരെ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു എന്നു തെളിയിക്കുന്നു. 3000 ബി.സിയിൽ മെസൊപൊട്ടോമിയ ആയി വാണിജ്യ ബന്ധം നിലവിൽ ഉണ്ടായിരുന്നതായി ഖനനങ്ങളിൽ നിന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്. 2500 - 2000 ബി.സി പഴക്കമുള്ള കോട്ടയുടെ അവശിഷ്ടങ്ങൾ ഫുജൈറ, ബിദിയ, ദയ്ല് അബ്രാക്, കൽബ മുതലായ സ്ഥലങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്.
ഇസ്ലാമിന്റെ വരവോടെ വിശിഷ്യാ ഉമയ്യിദുകളുടെ കാലഘട്ടത്തിൽ ഗൾഫ് നാവിക വ്യാപാരത്തിന്റെ കേന്ദ്രമായി മാറി. ഫുജൈറയിലെ ഗ്രാമീണ പ്രദേശമായ ഫർഫാരിലും സകംകമിലും ബിദ് യയിലും പള്ളികളും കലവറകളും കണ്ടെത്തിയിട്ടുണ്ട്. എ.ഡി 630ൽ പ്രവാചകൻ മുഹമ്മദിന്റെ കാലത്തോടെ തന്നെ ഇന്നത്തെ യു.എ.ഇയുടെ പ്രദേശത്ത് താമസിക്കുന്നവർ ഇസ്ലാമിലേക്ക് മാറിയിരുന്നു. ഫുജൈറ, ഷാർജ, റാസൽ ഖൈമ രാജ കുടുംബം പ്രവാചക കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ കാലശേഷം ഫുജൈറയിലെ ദിബ്ബ പ്രദേശത്തെ ശകതരായ അസദ് ഗോത്രം ലബീബ് ബിൻ മാലിക്ക് എന്ന ഗോത്ര തലവന്റെ നേതൃത്വത്തിൽ അടുത്ത ഖലീഫയായ അബൂബക്കറിന്റെ അധീശത്വം അംഗീകരിച്ചിരുന്നില്ല. ലബീബ് അടുത്ത പ്രവാചകനായി പ്രഖ്യാപിച്ചു എന്നും ചിലർ പറയുന്നു. ഇവരെ നേരിടാനായി ഹുസൈഫയുടെയും ഇക്രിമയുടെയും നേതൃത്വത്തിൽ സൈന്യത്തെ നിയോഗിക്കുകയും ദിബ്ബയിൽ വച്ചുണ്ടായ യുദ്ധത്തിൽ ലബീബ് വധിക്കപ്പെടുകയും ചെയ്തു. ഇതു ദിബ്ബ പോരാട്ടമായി കരുതപ്പെടുന്നു.
എ.ഡി 640 കാലഘട്ടത്തിൽ ഫുജൈറ തുറമുഖം ഇറാനെ ആക്രമിക്കാനായി ഉപായോഗിച്ചിരുന്നു. 16ാം നൂറ്റാണ്ട് വരെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ അധീശത്വത്തിൽ ആയിരുന്നു ഇമറാത്തി ജനത. രക്ത രൂക്ഷിതമായ യുദ്ധം നടത്തിയാണ് ആൽബുക്കർക്കിന്റെ നേതൃത്വത്തിൽ പോർച്ചുഗീസുകാർ ഗൾഫ് മേഖല പിടിച്ചെടുത്തത് എങ്കിലും ബ്രിട്ടീഷ് സഹകരണം ആരംഭിക്കുന്നതു വരെ ഓട്ടോമൻ സാമ്രാജ്യം തന്നെയാണ് പ്രദേശം ഭരിച്ചത്. ഇന്ത്യയിൽ നിന്നും കച്ചവടത്തിനായി കൊണ്ടു വന്ന ചരക്കു കപ്പലുകളെ ഫുജൈറയിലെ സമീപ പ്രദേശമായ ഖോർഫുക്കാൻ കടൽ തീരത്തു കോള്ളക്കാർ ആക്രമിച്ചതോടു കൂടി ഗൾഫ് തീരത്തിനെ കടൽ കൊള്ളക്കാരുടെ തീരം എന്നു വിളിച്ചു. കടൽ കൊള്ളക്കാരുടെ ശല്യം നിയന്ത്രിക്കൻ ഒമാനും ബ്രിട്ടനും കടലിൽ നിരീക്ഷണം ശക്തമാക്കി.1843ൽ ഫുജൈറയിലെ വിവിധ തായ്വരകളിൽ ബ്രിട്ടീഷുകാർ തമ്പടിച്ചു പാർത്തു. എല്ലാ രാജ്യത്തുമെന്നപോലെ യു.എ.ഇയിലും വെള്ളക്കാർ ആധിപത്യം സ്ഥാപിക്കാൻ എത്തിയപ്പോൾ താമസിക്കാൻ കണ്ടെത്തിയ സ്ഥലം ഫുജൈറയായിരുന്നു. അതിന്റെ പ്രധാന കാരണം മറ്റു എമിറേറ്റുകളെ അപേക്ഷിച്ച് ഫുജൈറയിൽ ജലസ്രോതസ്സുകൾ കൂടുതലായിരുന്നു എന്നതാണ് . ഫുജൈറ പ്രവിശ്യയോട് തൊട്ടു കിടക്കുന്ന ഒമാൻ ബ്രിട്ടീഷുകാർക്കൊപ്പം കൂടി ആക്രമിച്ചു.
1820ൽ ഗൾഫ് പ്രദേശത്തെ അബൂദബി, ഷാർജ, റാസൽ ഖൈമ, അജ്മാൻ എന്നീ ഭാഗങ്ങൾ ബ്രിട്ടീഷുകാരുടെ സംരക്ഷണം അംഗീകരിച്ചു കരാർ ഒപ്പിട്ടു. 1835വരെ ബ്രിട്ടീഷ് ആക്രമണങ്ങൾ തുടർന്നു കൊണ്ടിരുന്നു. 1952ൽ ഫുജൈറയും 1936 കൽബയും കരാർ ഒപ്പിട്ടു സംരക്ഷിത പദവി നേടി.1853ൽ Treaty of Perpetual Maritime Peace കരാർ ഒപ്പിട്ടതോടെ 1930 വരെ തീരദേശത്ത് സമാധാനം കളിയാടി. ഈ കരാറിൽ ഭരണാധികാരികൾക്കിടയിൽ ഉള്ള തർക്കങ്ങൾ ബ്രിട്ടീഷുകാർ ഇടപെട്ട് തീർക്കും എന്നു എഴുതി ചേർക്കപ്പെട്ടിരുന്നു. 1892ലെ കരാറിൽ ഇംഗ്ലണ്ടിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യവും ആയി കരാറിൽ എത്തുകയോ, കൈവശം ഉള്ള സ്ഥലം ആർക്കെങ്കിലും വിട്ടു കൊടുക്കുകയൊ ചെയ്യാൻ പാടില്ല എന്നും പകരം കര മാർഗം ഉള്ള ആക്രമണം തടയാൻ ബ്രിട്ടൻ സഹായിക്കാം എന്നും എഴുതിയിരുന്നു. ഷാർജ ഭരണാധികാരിയായ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 1984ൽ എഴുതിയ Myth of Arab Piracy In Gulf എന്ന പുസ്തകത്തിൽ ബ്രിട്ടീഷുകാരുടെ കോളോണിയൽ മോഹം കൊണ്ട് കടൽ കോള്ളക്കാർ എന്നതു ആരോപണം മാത്രം ആയിരുന്നു, സത്യമായിരുന്നില്ല എന്നു സമർത്ഥിച്ചു. ശർഖി ഗോത്രതലവന്മാരിലാണ് ഫുജൈറയുടെ ഭരണ സാരഥ്യം ഉള്ളത്. ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയാണ് ഇന്നത്തെ ഭരണാധിപൻ. ശൈഖ് ഹമദ് ഭരണത്തിലേറിയിട്ട് അമ്പതു വർഷം പൂർത്തിയായതിന്റെ ആഘോഷ മുഹൂർത്തം കൂടിയാണിത്. ശർഖിയൻ ഗോത്രം ഭൂരിപക്ഷമായ ഷമാലിയ തീരത്തെ വാദിഹം വാണിജ്യ പാത ബിത്ന കോട്ട കേന്ദ്രമാക്കി സംരക്ഷിച്ചു പോന്നു. ആ ഭൂഭാഗം ആദ്യ കാലത്ത് മസ്കറ്റ് ഭരിച്ചിരുന്നെങ്കിലും 1850ൽ ഷാർജ അവിടം കീഴടക്കി. കൽബ കേന്ദ്രമാക്കി ഷാർജയുടെ അൽ ഖാസിമി ഗവർണറുടെ ഭരണം 1901ൽ ഫുജൈറയിലെ ഹമദ് ബിൻ അബ്ദുല്ല അൽ ശർഖി എന്ന ഗോത്ര തലവൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെ അവസാനിച്ചു.
17ാം നൂറ്റാണ്ടിന്റെ അവസാനം ഷാർജയിലും റാസൽ ഖൈമയിലും അൽ ഖാസിമി രാജവംശം ഭരണം ആരംഭിച്ചുവെങ്കിലും ഇന്നത്തെ ഷാർജയുടെ കൽബ ഖോർഫുക്കാൻ തുടങ്ങിയ ഭൂപ്രദേശങ്ങളെല്ലാം ഫുജൈറയുടെതായിരുന്നു. റാസൽ ഖൈമയുടെയും പലഭാഗങ്ങൾ ഫുജൈറയായിരുന്നു ഭരിച്ചിരുന്നത്. 1869ൽ വിവിത പ്രവിശ്യകളുടെ അതീനതയിൽ ആയിരുന്ന റാസൽ ഖൈമ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സെപ്റ്റംബർ 1900 മുതൽ 1921 ജൂലൈ വരെ ഷാർജ പിന്നെയും റാസൽ ഖൈമ ഭരിച്ചിരുന്നു.
ഫുജൈറയോട് ഒട്ടിക്കിടക്കുന്ന അതിപുരാതന ഗോത്ര മഹിമയും ഗരിമയുമുള്ള കൽബ 1951ൽ നാട്ടു രാജാവിന്റെ മരണത്തോടെ ഫുജൈറയിൽ നിന്നും വേർപിരിഞ്ഞു ഷാർജയിൽ ചേർന്നു ഷാർജ ഭരണത്തിന് കീഴിലായി. ഫുജൈറയിലെ ശർഖി കുടുംബം അബൂദബിയിലെ റൂളർ കുടുംബമായ ആൽ നഹ്യാൻ കുടുംബവുമായി അഭേദ്യമായ ബന്ധം പണ്ടുകാലം മുതലേ നിലനിർത്തിപോരുന്നു. ഫുജൈറയുടെ ഇന്നത്തെ നാഗരികതയിൽ അബൂദബിയുടെ കൈയൊപ്പുണ്ട്.
അൽ സാബ് ഗോത്രം ഭരിച്ചിരുന്ന അൽ ജസീറ അൽ ഹമ്ര പ്രദേശം റാസൽ ഖൈമായുണ്ടായ തർക്കത്തെ തുടർന്നു അബൂദബി പ്രശ്നം ഏറ്റെടുക്കുകയും പ്രദേശ വാസികളെ അബൂദബിയിലേക്കു മാറ്റി താമസിപ്പിക്കുകയും ഫുജൈറക്കും റാസൽ ഖൈമക്കുമിടയിൽ രഞ്ജിപ്പുണ്ടാക്കുകയും ചെയ്യാൻ മുൻകൈ എടുത്തത് അബൂദബിയിലെ ആൽ നഹ്യാൻ കുടുംബമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.