പറന്നുയരാം..സൗന്ദര്യമുള്ള ഭാവിയിലേക്ക്
text_fieldsആരോഗ്യ വിദഗ്ധയും ലൈഫ് സ്റ്റൈൽ ബ്ലോഗറുമായ ഡോ. സൗമ്യ സരിൻ എജുകഫെയിൽ സംസാരിക്കുന്നു
ദുബൈ: ‘ഭാവി’യുടെ നാടാണ് യു.എ.ഇ. ഐക്യരാഷ്ട്ര സഭയുടെ കീഴിലെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക കൂട്ടായ്മയായ യുനെസ്കോ, ‘ലോക ഭാവിദിന’മായി അംഗീകരിച്ചത് യു.എ.ഇയുടെ ദേശീയദിനമായ ഡിസംബർ രണ്ടാണ്. അതിനു കാരണമായത് കഴിഞ്ഞ 50 വർഷത്തെ യു.എ.ഇയുടെ അതിശയകരമായ മുന്നേറ്റവും ഭാവിയിലേക്ക് രാജ്യം രൂപപ്പെടുത്തിയ പദ്ധതികളുമാണ്.
ഭാവിയിലേക്ക് പ്രതീക്ഷാ നിർഭരമായി മുന്നേറുന്ന ഓരോ വ്യക്തിക്കും നൂറായിരം സാധ്യതകളുടെ വാതിൽ തുറന്നിട്ടിരിക്കയാണ് ഈ രാജ്യം. യു.എ.ഇയിൽനിന്ന് ലോകത്തോളം വളരാൻ സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് തുടർപഠനവും കരിയറും നിർണയിക്കാൻ അവസരം നൽകുകയാണ് ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന എജുകഫെ.
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫെ പത്താം സീസണ് ദുബൈ മില്ലനിയം എയർപോർട്ട് ഹോട്ടലിൽ തുടക്കം കുറിച്ചപ്പോൾ ആദ്യ ദിനമായ ഞായറാഴ്ചതന്നെ നിരവധി പേരാണ് പ്രദർശനം കാണാനും വിവിധ സെഷനുകളിൽ പങ്കെടുക്കാനുമായി എത്തിച്ചേർന്നത്. ആരോഗ്യ വിദഗ്ധയും ലൈഫ് സ്റ്റൈൽ ബ്ലോഗറുമായ ഡോ. സൗമ്യ സരിനാണ് പാരന്റിങ് സംബന്ധിച്ച സെഷൻ നയിച്ചത്.
കരിയർ കൗൺസലിങ് വിദഗ്ധനായ ഡോ. ശരീഫ് എജുകഫെയിൽ സംസാരിക്കുന്നു,റോബോട്ടിക്സ് സാങ്കേതികവിദ്യാ വിദഗ്ധൻ ബെൻസൺ തോമസ് എജുകഫെയിൽ സംസാരിക്കുന്നു
പുതിയ കാലത്ത് മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ചും പുതുതലമുറയുടെ അഭിരുചികളെക്കുറിച്ചും രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതായിരുന്നു ഈ സെഷൻ. റോബോട്ടിക്സ് സാങ്കേതികവിദ്യാ വിദഗ്ധൻ ബെൻസൺ തോമസ് ‘സ്റ്റെം’ എജുക്കേഷൻ വഴിയുള്ള ഭാവി സാധ്യതകളെക്കുറിച്ച് സദസ്സുമായി സംവദിച്ചു. കരിയർ കൗൺസലിങ് വിദഗ്ധനായ ഡോ. ശരീഫാണ് കരിയർ മാപ്പിങ് ആൻഡ് കൗൺസലിങ് എന്ന സെഷന് നേതൃത്വം നൽകിയത്.
സി.എ ഫൈനൽ പരീക്ഷയിൽ കേരളത്തിൽനിന്ന് ഒന്നാം റാങ്ക് നേടിയ അംറത് ഹാരിസ് ‘ടോപ്പേഴ്സ് ടോക്ക്’ സെഷനിൽ അനുഭവങ്ങൾ പങ്കുവെച്ചതും ശ്രദ്ധേയമായി. ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ എന്നിങ്ങനെ ഉന്നത വിദ്യാഭ്യാസരംഗത്തെ 50ഓളം സ്ഥാപനങ്ങൾ ഇത്തവണ ‘എജുകഫെ’യിൽ പ്രദർശനത്തിനെത്തിയിട്ടുണ്ട്.
അംറത് ഹാരിസ് ‘ടോപ്പേഴ്സ് ടോക്ക്’ സെഷനിൽ അനുഭവങ്ങൾ പങ്കുവെക്കുന്നു
ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽനിന്ന് നേരിട്ട് മനസ്സിലാക്കാൻ സ്റ്റാളുകൾ സന്ദർശിക്കുന്നതിലൂടെ സാധിക്കും. വിവിധയിടങ്ങളിലേക്ക് അഡ്മിഷന് ആവശ്യമായ യോഗ്യത, ഫീസ്, സ്കോളർഷിപ്പുകൾ എന്നിവ സംബന്ധിച്ചും മനസ്സിലാക്കാം. നവീനമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, സ്പേസ് സയൻസ് തുടങ്ങിയവയിലേക്ക് വഴിതുറക്കുന്ന കോഴ്സുകളും പരിചയപ്പെടാനവസരമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.