ചടുലനൃത്തങ്ങളുമായി നിറഞ്ഞാടി ഫ്യൂഷൻ ജപ്പാൻ
text_fieldsദുബൈ: ആഗോള ഗ്രാമത്തിലെത്തുന്ന സന്ദർശകരെ വന്യമായ നൃത്തച്ചുവടുകളുമായി ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ഫ്യൂഷൻ ജപ്പാൻ. ലോക നർത്തകരും ബദ്ധവൈരികളുമായ ഫാബുലസ് സിസ്റ്റേഴ്സും ക്യൂഷു ഡാൻജിയുമാണ് ഫ്യൂഷൻ ജപ്പാനുമായി സന്ദർശകർക്ക് വേറിട്ട നൃത്താനുഭവം സമ്മാനിക്കുന്നത്. ഗ്ലോബൽ വില്ലേജിന്റെ പ്രധാന വേദിയിലാണ് ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങളുമായി ഫ്യൂഷൻ ജപ്പാൻ അരങ്ങുതകർക്കുന്നത്. ചടുലമായ നൃത്തച്ചുവടുകളും അവിശ്വസനീയ മെയ്വഴക്കവും കൊണ്ട് ഇരുകൂട്ടരും കാണികളെ വേദിയിൽ പിടിച്ചിരുത്തുകയാണ്. സാഹസികതയും മെയ്വഴക്കവും രംഗസജ്ജീകരണവും ഒന്നിനോടൊന്ന് മത്സരിക്കുന്നു.
വേൾഡ് ഓഫ് ഡാൻസിന്റെ രണ്ടാം സീസണിൽ ഡിവിഷനൽ ഫൈനലിൽ എത്തിയ ഫാബുലസ് സിസ്റ്റേഴ്സ് നൃത്തത്തിൽ ലോകചാമ്പ്യന്മാരും റെക്കോഡ് ജേതാക്കളുമാണ്.
ഏഷ്യ ഗോട്ട് ടാലന്റിൽ സെമി ഫൈനലിസ്റ്റുകളുമാണിവർ. 2016-17 വർഷങ്ങളിൽ തുടർച്ചയായി വേൾഡ് ഓഫ് ഡാൻസിന്റെ യൂത്ത് ഡിവിഷനിൽ ചാമ്പ്യന്മാരുമാണ്.
ഇതേ മത്സരവേദിയിൽ മാറ്റുരച്ച് ജേതാക്കളായവരാണ് ക്യൂഷു ഡാൻജിയും. ജനുവരി ആറിന് ആരംഭിച്ച ഫ്യൂഷൻ ജപ്പാൻ എല്ലാ ദിവസവും രാത്രി ഏഴിനും എട്ടിനും ഒമ്പതിനും പ്രധാന വേദിയിലാണ് അരങ്ങേറുന്നത്. ഫെബ്രുവരി രണ്ടുവരെ സന്ദർശകർക്ക് പ്രകടനം ആസ്വദിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.