അതിര്‍ത്തികളുടെ ഭാവി നയങ്ങൾ; ആഗോള സമ്മേളനം ദുബൈയിൽ
text_fieldsദുബൈ: അതിർത്തികളുമായി ബന്ധപ്പെട്ട ഭാവി നയങ്ങൾ സംബന്ധിച്ച ആഗോള സമ്മേളനം സെപ്റ്റംബർ 19, 20 തീയതികളിൽ ദുബൈയിൽ നടക്കും. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജി.ഡി.ആർ.എഫ്.എ) സമ്മേളനം സംഘടിപ്പിക്കുന്നത്.
മദീനത്ത് ജുമൈറ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ അതിർത്തി നിയന്ത്രണമേഖലയിൽ പ്രവർത്തിക്കുന്ന 23ലധികം ആഗോള നയ രൂപകർത്താക്കൾ, ഗവേഷകർ, വിദഗ്ധർ തുടങ്ങി നിരവധിപേർ സംബന്ധിക്കും. ലോകമെമ്പാടും ഇമിഗ്രേഷൻ അധികാരികൾ നേരിടുന്ന കാലികമായ പ്രശ്നങ്ങളുടെ പരിഹാരങ്ങൾ സമ്മേളനം ചർച്ചചെയ്യുമെന്ന് ദുബൈ ഗവൺമെന്റ് മീഡിയ ഓഫിസിൽ വിളിച്ച വാർത്തസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
ബോർഡർ മാനേജ്മെന്റ്, ഇമിഗ്രേഷൻ, റെസിഡൻസി എന്നിവയിലെ നൂതന സമ്പ്രദായങ്ങളെക്കുറിച്ച വൈവിധ്യ സംഭാഷണങ്ങൾക്കും ചർച്ചകൾക്കും സമ്മേളനം വേദിയാകും. ഇമിഗ്രേഷൻ, റെസിഡൻസി എന്നിവയുമായി ബന്ധപ്പെട്ട ഭാവി വെല്ലുവിളികളെ ഫലപ്രദമായി നാവിഗേറ്റ് ചെയ്യുന്നതിനുള്ള സജീവമായ നയങ്ങൾ വികസിപ്പിക്കുന്നതിനുള്ള വഴികളും ഫോറം ചർച്ച ചെയ്യുമെന്ന് ജി.ഡി.ആർ.എഫ്.എ ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു.ഈ വർഷം ആദ്യപകുതിയിൽ ദുബൈ വിമാനത്താവളത്തിലൂടെ 4.2 കോടി യാത്രക്കാർ കടന്നുപോയതായും ഭാവിയിൽ വിമാനത്താവളം പൂർണമായി ബയോമെട്രിക് ആക്കാനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഈ വർഷം ഇതുവരെ 42 ശതമാനം യാത്രക്കാർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചു.
വാർത്തസമ്മേളനത്തിൽ ജി.ഡി.ആർ.എഫ്.എ-ദുബൈ അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാങ്കിതി, മേജർ ജനറൽ ഡോ. അലി അൽ സാബി, ബ്രിഗേഡിയർ ഖലഫ് അൽ ഗൈത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.