ഭാവി 'പ്രവചിക്കാൻ' ഫ്യൂച്ചറിസ്റ്റുകൾ ദുബൈയിൽ ഒത്തുകൂടും
text_fieldsദുബൈ: കാലാവസ്ഥാ വ്യതിയാനം മുതൽ നിർമിത ബുദ്ധി വരെയുള്ള ഭാവി ചർച്ച ചെയ്യാൻ ഫ്യൂച്ചറിസ്റ്റുകൾ ദുബൈയിൽ സംഗമിക്കുന്നു. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനാണ് ഒക്ടോബർ 10 മുതൽ 12 വരെ ഫ്യൂച്ചർ മ്യൂസിയത്തിൽ ഫ്യൂച്ചറിസ്റ്റുകളുടെ ലോകത്തിലെ ഏറ്റവും വലിയ സമ്മേളനം സംഘടിപ്പിക്കുന്നത്. ഭാവിയെ മുൻകൂട്ടി കാണുന്ന ലോകത്തിലെ മുൻനിര ഫ്യൂച്ചറിസ്റ്റുകളും വിദഗ്ധരും ഇന്നൊവേറ്റർമാരും ഉൾപ്പെടെ 400 പേർ പങ്കെടുക്കും. അവർ ലോകത്തിന്‍റെ ഭാവി പാതയെക്കുറിച്ച് ചർച്ച ചെയ്യുകയും സംവാദം നടത്തുകയും പ്രവചിക്കുകയും ചെയ്യും.
നിർമിത ബുദ്ധിയുടെ പുരോഗതി, ഊർജ മേഖലയുടെ ഭാവി, ആഗോള താപനം എങ്ങിനെ മറികടക്കും തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. 45ൽ അധികം സംഘടനകൾ ഫോറത്തിന്‍റെ ഭാഗമാകും. നാല് തീമുകളിലാണ് ഫോറം. ദീർഘ വീക്ഷണത്തോടെ എങ്ങിനെ പദ്ധതികൾ നടപ്പാക്കാം എന്നതിന്‍റെ നേർക്കാഴ്ചയായി ഫോറം മാറും. പുതിയ പര്യവേക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും ഇവിടെ പിറവിയെടുക്കും. രാജ്യത്തെയും സമ്പദ്വ്യവസ്ഥയെയും ദൈനം ദിന ജീവിതങ്ങളെയും സ്വാധീനിക്കുന്ന ഭാവി മേഖലകളെകുറിച്ചുള്ള ബദൽ വീക്ഷണത്തിന് ഫോറം പ്രചോദനം പകരുമെന്ന് ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ ഡെപ്യൂട്ടി സി.ഇ.ഒയും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അബ്ദുൽ അസീസ് അൽജാസിരി പറഞ്ഞു. ഭാവിയിൽ നമുക്ക് ഭീമാകാരമായ കുതിച്ചുചാട്ടം കൈവരിക്കാൻ കഴിയും, പക്ഷേ ദീർഘവീക്ഷണവും ആസൂത്രണവും വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.