ജി20: ലോകനേതാക്കളുമായി സംവദിച്ച് ശൈഖ് മുഹമ്മദ്
text_fieldsദുബൈ: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ന്യൂഡൽഹിയിൽ എത്തിയ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ ലോക രാഷ്ട്രനേതാക്കളുമായി സംവദിച്ചു. ശനിയാഴ്ച ആരംഭിച്ച ഉച്ചകോടിയിൽ എത്തിച്ചേർന്ന ശൈഖ് മുഹമ്മദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വേദിയിലേക്ക് സ്വീകരിച്ചത്.
തുടർന്ന് വിവിധ ലോക രാഷ്ട്രനേതാക്കൾ പങ്കെടുത്ത ‘ഹെഡ്സ് ഓഫ് സ്റ്റേറ്റ് ആൻഡ് ഗവൺമെന്റ് സമ്മിറ്റി’ൽ അദ്ദേഹം പങ്കെടുത്തു. ജി20 നേതാക്കൾക്ക് പുറമെ യൂറോപ്യൻ യൂനിയൻ നേതാക്കൾ, അന്താരാഷ്ട്ര കൂട്ടായ്മകളുടെ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരടക്കം പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടിയുടെ ആദ്യ സെഷനായ ‘ഏകഭൂമി’ എന്ന തലക്കെട്ടിൽ നടന്ന ചർച്ചയിൽ ഭൂമിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ട കടമ ലോകം ഒരുമിച്ച് നിർവഹിക്കേണ്ടതാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഒരുമിച്ചുനിൽക്കേണ്ടതിന്റെ പ്രധാന്യവും ചർച്ചയിൽ പങ്കുവെച്ചു. ഉച്ചകോടിക്ക് വിജയകരമായി ആതിഥ്യമരുളിയ ഇന്ത്യയെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
കൂട്ടായ്മയിലൂടെ ഗുണകരമായ സൽഫലങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. അടുത്ത വർഷം ജി20ക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിന് ആശംസകളറിയിക്കുകയും ചെയ്തു. നാലാം തവണയാണ് യു.എ.ഇ ഉച്ചകോടിയിൽ അതിഥിരാജ്യമായി പങ്കെടുക്കുന്നത്. മനുഷ്യകുലം അഭിമുഖീകരിക്കുന്ന വൻ വെല്ലുവിളികളെ നേരിടാൻ ലോകം ഒരുമിക്കണമെന്നും ഇക്കാര്യത്തിൽ യു.എ.ഇയുടെ പിന്തുണ ഉച്ചകോടിയിൽ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. എല്ലാവർക്കും സുസ്ഥിരമായ ഭാവി നിർമിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്നും കൂട്ടിച്ചേർത്തു.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം ബിൻത് ഇബ്രാഹീം അൽ ഹാഷിമി, സഹമന്ത്രി അഹ്മദ് അലി അൽ സായിഗ് എന്നിവരും ഉദ്ഘാടന സെഷനിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.