ജി20 ഉച്ചകോടി: യു.എ.ഇ-ഇന്ത്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsദുബൈ: ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ യു.എ.ഇ-ഇന്ത്യ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടയിലാണ് ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും എസ്. ജയ്ശങ്കറും കൂടിക്കാഴ്ച നടത്തിയത്. ജി20 ഉച്ചകോടിയിലെ യു.എ.ഇ പ്രതിനിധി സംഘത്തെ നയിക്കുന്നത് ശൈഖ് അബ്ദുല്ലയാണ്. തുടർച്ചയായ രണ്ടാം വർഷമാണ് അതിഥി രാജ്യമായി യു.എ.ഇ ജി20യിൽ പങ്കെടുക്കുന്നത്.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതാണ് ജി20യിലേക്കുള്ള ക്ഷണമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. പരസ്പര സഹകരണത്തിലൂടെ ഇരുരാജ്യങ്ങൾക്കും നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും ശൈഖ് അബ്ദുല്ല സംസാരിച്ചു. യു.എ.ഇയുടെ ആഗോള അജണ്ടകളെ കുറിച്ച് വ്യക്തമാക്കിയ അദ്ദേഹം യു.എ.ഇ ആതിഥ്യമരുളുന്ന കോപ് 28 ഉച്ചകോടിയെ കുറിച്ചും വ്യക്തമാക്കി.
യു.എ.ഇ സഹമന്ത്രി അഹ്മദ് അലി അൽ സായെഗ്, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അബ്ദുൽ നാസർ അൽ ഷാലി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തുർക്കിയ വിദേശകാര്യ മന്ത്രി മെവ്ലുത് അവുസൊഗ്ലു, സിംഗപ്പൂർ വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണൻ, ബ്രസീൽ വിദേശകാര്യ മന്ത്രി മൗറോ വിയേര, യു.കെ വിദേശകാര്യ സഹ സെക്രട്ടറി ജെയിംസ് ക്ലെവർലി എന്നിവരുമായും ശൈഖ് അബ്ദുല്ല കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.