ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി; വാണിജ്യ രംഗത്ത് ഗൾഫിനെ ശക്തിപ്പെടുത്തും
text_fieldsദുബൈ: ജി20 ഉച്ചകോടിയിൽ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പദ്ധതി യു.എ.ഇയും സൗദിയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ ആഗോള വാണിജ്യ രംഗത്ത് കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യ അടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളെ തുറമുഖങ്ങൾ വഴിയും റെയിൽ മാർഗവും യൂറോപ്പുമായും യു.എസുമായും ബന്ധിപ്പിക്കുന്ന പദ്ധതിയിൽ സുപ്രധാന പങ്കാണ് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യക്കും യു.എ.ഇക്കുമുള്ളത്. യൂറോപ്പിന്റെയും ഇന്ത്യയുടെയും മധ്യത്തിൽ തന്ത്രപ്രധാന വാണിജ്യ മേഖലയായി പദ്ധതി പൂർത്തിയാകുന്നതോടെ ഗൾഫ് മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗൾഫിലെ തുറമുഖങ്ങളും ഇതിനകം പൂർത്തിയാക്കിയതും നിർമാണം പുരോഗമിക്കുന്നതുമായ സൗദിയിലെയും യു.എ.ഇയിലെയും റെയിൽപാതകളും ഇടനാഴിയിലെ അതിപ്രധാനമായ കേന്ദ്രങ്ങളായി മാറിയേക്കും. നിലവിൽ തന്നെ വാണിജ്യ, വ്യാപാര പ്രവർത്തനങ്ങളുടെ സുപ്രധാന കേന്ദ്രങ്ങളായി വികസിച്ച ഗൾഫ് മേഖലക്ക് കൂടുതൽ കരുത്തേകാൻ ഇത് സഹായിക്കും. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച യു.എസ് ഡെപ്യൂട്ടി സുരക്ഷ ഉപദേഷ്ടാവ് ജോൺ ഫിനർ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
യൂറോപ്പിലേക്ക് ഇന്ത്യയിൽനിന്നും തിരിച്ചുമുള്ള വ്യാപാരത്തിന് നിലവിൽ ആവശ്യമായിവരുന്ന കപ്പൽ യാത്രാസമയം, ചെലവ്, ഇന്ധന ഉപഭോഗം എന്നിവ കുറക്കാൻ ഇടനാഴി സഹായിക്കും. യൂറോപ്പിലേക്ക് എണ്ണയും ചരക്കുകളും എത്തിക്കുന്നതിന് ഗൾഫ് രാജ്യങ്ങൾക്ക് എളുപ്പവഴി സൃഷ്ടിക്കപ്പെടുകയും ചെയ്യും. യൂറോപ്പിലേക്ക് വഴി എളുപ്പമാകുന്നത് അമേരിക്കയിലേക്ക് വ്യാപാരത്തിനും കൂടുതൽ സുഗമമായ പാത രൂപപ്പെടുത്തും. പദ്ധതിയിൽ ഇസ്രായേലും സഹകരിക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നേരത്തേ യു.എസ്, യു.എ.ഇ, ഇന്ത്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ‘ഐ2യു2’ യോഗത്തിൽ ഇടനാഴി സംബന്ധിച്ച് ചർച്ചയായതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക മേഖലകളെ ഉൾക്കൊള്ളിച്ച് ചൈന രൂപവത്കരിക്കുന്ന വിശാലമായ വ്യാപാര ഇടനാഴി പദ്ധതികൾക്കുള്ള ബദൽ എന്ന നിലയിൽ കൂടിയാണ് ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഗൾഫ് മേഖലയിൽ നിലവിൽ തന്നെ മികച്ച തുറമുഖങ്ങളുണ്ട്. അതോടൊപ്പം വലിയരീതിയിൽ റെയിൽ പാതകൾ നിർമാണ ഘട്ടത്തിലുമാണ്. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളും ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതി പൂർത്തിയായി ചരക്കു ഗതാഗതം ആരംഭിച്ചിട്ടുണ്ട്. ഇത് സൗദി അതിർത്തി വരെ ചെന്നെത്തുന്നതാണ്. സൗദിയുടെ വിവിധ ഭാഗങ്ങളെ ബന്ധിക്കുന്ന ആഭ്യന്തര റെയിൽപാത നിർമാണം പൂർത്തിയായി വരുകയാണ്.
ഇതിന്റെ ഭാഗമായ സൗത്ത്-നോർത്ത് പാത ജോർഡൻ അതിർത്തിവരെ എത്തുന്നതാണ്. ഈ പാതകളെല്ലാം സംയോജിപ്പിച്ചാകും ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി രൂപപ്പെടുന്നതെന്നാണ് കരുതുന്നത്. ഇതുവഴി ഗൾഫിലെ സാമ്പത്തിക മേഖലയിൽ വലിയ ഉണർവുതന്നെ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.