ഗസ്സക്ക് കാരുണ്യത്തിന്റെ കൈത്താങ്ങ്
text_fieldsദുബൈ: ഇസ്രായേൽ ആക്രമണത്തിൽ സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് കാരുണ്യത്തിന്റെ ചിറക്വിരിച്ച് യു.എ.ഇ. ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഗാലന്റ് നൈറ്റ് 3 സംരംഭത്തിന്റെ ഭാഗമായാണ് സ്ത്രീകൾക്കും കുട്ടികൾക്കുമായി അവശ്യ ഉത്പന്നങ്ങൾ ഉൾപ്പെടെ കൂടുതൽ സഹായങ്ങൾ എത്തിച്ചത്.
ഖാൻ യൂനിസിലെ ഒഴിപ്പിക്കപ്പെട്ട ഫലസ്തീൻ കുട്ടികൾക്കും കുടുംബങ്ങൾക്കുമാണ് സഹായമെത്തിച്ചത്. യുദ്ധത്തെ തുടർന്ന് മാസങ്ങളായി മോശം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഫലസ്തീനിൽ കുട്ടികൾക്ക് പോഷകാഹാരം ഉൾപ്പെടെ അടിസ്ഥാന ആവശ്യങ്ങൾക്ക് വലിയ തോതിൽ ക്ഷാമം നേരിടുന്നുണ്ട്. ഇവർക്ക് പാൽ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ എത്തിക്കുകയായിരുന്നു.
ഗസ്സ മുനമ്പിലെ ജനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ, വെള്ളം, ടെന്റുകൾ, പച്ചക്കറികൾ എന്നിവയും വിതരണം ചെയ്തുവരുന്നു. ലോകത്തെ വിവിധ ജീവകാരുണ്യ സംഘടനകളുമായി കൈകോർത്താണ് സംരംഭം നടപ്പിലാക്കുന്നത്. യുദ്ധം ആരംഭിച്ച ശേഷം ഗസ്സയിലേക്ക് യു.എ.ഇ ഇതുവരെ 32,000 അടിയന്തര സഹായ വസ്തുക്കൾ വിതരണം ചെയ്തു. 260 വിമാനങ്ങൾ, 1243 ട്രക്കുകൾ, 49 എയർഡ്രോപ്പുകൾ എന്നിവ വഴിയാണ് ഭക്ഷ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്നത്.
അതേസമയം, യുദ്ധത്തിൽ പരിക്കേറ്റവർക്കും രോഗികൾക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ഇവരെ അബൂദബിയിലെത്തിക്കുന്ന നടപടികളും തുടരുകയാണ്. പ്രതിസന്ധിയുടെ തുടക്കം മുതൽ പരുക്കേറ്റവരും രോഗികളുമായ 1,665 ആളുകളെ യു എ ഇ ചികിത്സക്കായി ഗസ്സയിൽ നിന്ന് മാറ്റിയിട്ടുണ്ട്. യു.എ.ഇ റെഡ്ക്രസന്റിന്റെ നേതൃത്വത്തിൽ ഇതിനകം 16ലക്ഷം വസ്ത്രങ്ങളും പുതപ്പുകളും ഗസ്സയിൽ എത്തിച്ചു കഴിഞ്ഞു. ശൈത്യ കാലം മുൻ നിർത്തി എല്ലാ ദുരിതബാധിതകർക്കും കമ്പിളി വസ്ത്രങ്ങളും മറ്റും ലഭ്യമാക്കാനും യു.എ.ഇക്ക് കഴിഞ്ഞു. രോഗികളെയും പരിക്കേറ്റവരേയും ചികിത്സക്കുന്നതിനായി ഗസ്സ മുനമ്പിൽ യു.എ.ഇ ഫീൽഡ് ആശുപത്രി പ്രവർത്തിച്ചുവരുന്നുണ്ട്. ഏറ്റവും മികച്ച വൈദ്യ സഹായങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. കൂടാതെ ഫ്ലോട്ടിങ് ആശുപത്രിയും യു.എ.ഇ ഗസ്സക്കായി അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.