ഗാന്ധി-സായിദ് മ്യൂസിയം: ബിറാദ് യാജ്നിക് ക്യുറേറ്ററാവും
text_fieldsദുബൈ: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ജൻമശതാബ്ദിയും ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ 150ാം ജൻമദിനവും ആഘോഷിക്കുന്ന വേളയിൽ ഇന്ത്യയും യു.എ.ഇയും ചേർന്ന് തയ്യാറാക്കുന്ന സായിദ്^ഗാന്ധി മ്യൂസിയത്തിെൻറ ക്യൂറേഷൻ എഴുത്തുകാരനും ശിൽപിയുമായ ബിറാദ് രാജാറാം യാജ്നിക് നിർവഹിക്കും. ന്യൂഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിൽ ഗാന്ധി ഡിജിറ്റൽ മ്യൂസിയം തയ്യാറാക്കിയ ബിറാദിനോട് സമാനമായ രീതിയിൽ ശൈഖ് സായിദിെൻറ ജീവിതത്തെയും ദർശനങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കങ്ങൾ കൂടി ഒരുക്കുവാനാണ് നിർദേശിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംഗ് സുരി വ്യക്തമാക്കി.
ഇൗ വർഷം അവസാനത്തോടെ പൂർത്തിയാവുന്ന മ്യൂസിയം അബൂദബി, ദുബൈ, ഷാർജ എന്നീ എമിറേറ്റുകളിൽ പ്രദർശിപ്പിക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. ഇരു നായകരുടെയും ജീവിതം, സഹിഷ്ണുതക്കും സൗഹാർദത്തിനും അവർ നൽകിയ പ്രാധാന്യം, വരും തലമുറക്കായി കരുതി വെച്ച ചിന്താശകലങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിൽ കോർത്തിണക്കും. അപൂർവ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇതിനായി സ്വരൂപിക്കുന്നുണ്ട്. ഇന്ത്യ-യു.എ.ഇ സാംസ്കാരിക സൗഹാർദത്തിന് തിളങ്ങുന്ന മുതൽക്കൂട്ടായി ഇൗ സംരംഭം മാറും.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാെൻറ ഇന്ത്യ സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമൊന്നിച്ചാണ് സായിദ്-ഗാന്ധി മ്യൂസിയം പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലെ സാംസ്കാരിക സഹകരണം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി അംബാസഡർ കഴിഞ്ഞ ദിവസം യു.എ.ഇ സാംസ്കാരിക വിദ്യാഭ്യാസ മന്ത്രി നൂറാ മുഹമ്മദ് അൽ കാബിയെ സന്ദർശിച്ചിരുന്നു.
നേരത്തേ മഹാത്മാ ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കത്തിെൻറ നൂറാം വാർഷികത്തിലെ മണ്ഡേല ദിനത്തോടനുബന്ധിച്ച് ജോഹന്നാസ് ബർഗിലെ കോൺസ്റ്റിറ്റ്യുഷൻ ഹാളിൽ മണ്ടേല-ഗാന്ധി ഡിജിറ്റൽ എക്സിബിഷനും ബിറാദ് യാജ്നിക് ഒരുക്കിയിരുന്നു. നെൽസൺ മണ്ടേല ഫൗണ്ടേഷനുമായി ചേർന്ന് മണ്ടേല^ഗാന്ധി മതിലിെൻറ നിർമാണവും നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.