മാലിന്യ ശേഖരണം; വിവിധ നിറങ്ങളിൽ പെട്ടി സ്ഥാപിക്കും
text_fieldsഅബൂദബി: വ്യത്യസ്ത മാലിന്യങ്ങള്‍ തരംതിരിച്ചു ശേഖരിക്കാൻ വിവിധ നിറങ്ങളിൽ പെട്ടി സ്ഥാപിക്കാനൊരുങ്ങി അബൂദ ബി. ഉറവിടത്തില്‍ തന്നെ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതില്‍ പൊതുജനങ്ങളെ പങ്കാളികളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2018ലാണ് അബൂദബി കേന്ദ്ര മാലിന്യ മാനേജ്മെന്റ് (തദ്വീർ) നഗരത്തിലെ റീസൈക്കിള്‍ മാലിന്യശേഖരണത്തിനായി പൊതുജനങ്ങള്‍ക്കായി കേന്ദ്രം തുറന്നത്.
ഇപ്പോഴിത് അബൂദബിയിലുടനീളം സ്ഥാപിക്കുകയാണ്. പേപ്പര്‍, റബര്‍, ഇ-വേസ്റ്റ്, തുണി, തടി, കാര്‍ട്ടണുകള്‍ എന്നിങ്ങനെ വിവിധതരം മാലിന്യങ്ങള്‍ ഏതുനിറമുള്ള പെട്ടിയില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശം പ്രദര്‍ശിപ്പിക്കുമെന്ന് തദ്വീർ സി.ഇ.ഒ എന്‍ജിനീയര്‍ അലി അല്‍ ധാഹരി വ്യക്തമാക്കി. അബൂദബിയിലെ താമസകേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന പദ്ധതി എല്ലായിടത്തും സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണ കാമ്പയിനുകള്‍ നടത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും താമസകേന്ദ്രങ്ങളും സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മെഡിക്കല്‍ ഹസാര്‍ഡസ് വേസ്റ്റ് മാനേജ്മെന്റിന്റെ വാണിജ്യപരമായ പ്രവര്‍ത്തനം തുടങ്ങിയതിലൂടെ തദ്വീർ 2022ല്‍ മാത്രം 14,415 ടണ്‍ മെഡിക്കല്‍ മാലിന്യങ്ങളും 9334 ടണ്‍ ഇതര മാലിന്യങ്ങളും സംസ്കരിച്ചു. റീസൈക്കിള്‍ ചെയ്യാവുന്ന 37,000ത്തിലേറെ മാലിന്യങ്ങള്‍ ശേഖരിച്ചു. നിര്‍മാണ, പൊളിച്ചുനീക്കല്‍ മാലിന്യയിനത്തില് 35 ലക്ഷം ടണ്‍ മാലിന്യവും തദ്വീർ ശേഖരിച്ചു. റീസൈക്കിള്‍ ചെയ്യാവുന്ന മാലിന്യ ശേഖരണത്തിനായി 19 കേന്ദ്രങ്ങളാണ് തദ്വീർ സജ്ജീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.