ആഘോഷങ്ങൾക്ക് ഉദ്യാനങ്ങൾ സൗജന്യമായി ലഭിക്കും
text_fieldsഅബൂദബി: ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കുമായി അബൂദബിയിലെ പാര്‍ക്കുകളും ഉദ്യാനങ്ങളും സൗജന്യമായി ബുക്ക് ചെയ്യാന്‍ അവസരം. പ്രത്യേക അവസരങ്ങള്‍ ആഘോഷിക്കുന്നതിനും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും മരത്തണലുകള്‍ തിരഞ്ഞെടുക്കുന്നവര്‍ ഏറെയുണ്ട്. ഇതിനുള്ള സൗകര്യമാണ് അബൂദബി നിവാസികള്‍ക്ക് പാര്‍ക്കുകളിലും ഉദ്യാനങ്ങളിലും ഇടങ്ങള്‍ ബുക്ക് ചെയ്യുന്നതിന് അവസരമൊരുക്കുന്നതിലൂടെ അധികൃതര്‍ നടപ്പാക്കുന്നത്.
പൊതുഇടങ്ങളില്‍ അമിത ജനക്കൂട്ടമുണ്ടാവാതിരിക്കാനാണ് ഇത്തരം ആഘോഷങ്ങള്‍ പൊതുസ്ഥലത്ത് നടത്തുന്നതിന് അനുമതി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. താം പ്ലാറ്റ്ഫോം മുഖേനയാണ് പാര്‍ക്കുകളിലും ഉദ്യാനങ്ങളിലും ആഘോഷങ്ങളും പരിപാടികളും നടത്തുന്നതിന് അനുമതിക്ക് അപേക്ഷിക്കേണ്ടത്. ഡിക്ലറേഷന്‍ ആന്‍ഡ് പ്ലഡ്ജ്, ഒഫീഷ്യല്‍ ലെറ്റര്‍ എന്നിവ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നല്‍കണം.
യു.എ.ഇ പാസ് ഉപയോഗിച്ചാണ് താം പ്ലാറ്റ്ഫോമില്‍ ലോഗിന്‍ ചെയ്യേണ്ടത്. ഇതിനുശേഷം ആവശ്യമായ രേഖകള്‍ സഹിതം താമസക്കാര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിച്ചാല്‍ ബുക്കിങ് സ്ഥിരീകരണം ലഭിക്കും. വ്യക്തികള്‍, സ്‌കൂളുകള്‍, പൊതു, സ്വകാര്യ കമ്പനികള്‍ തുടങ്ങി ആര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
അബൂദബി സിറ്റി മുനിസിപ്പാലിറ്റി, അല്‍ ഐന്‍ മുനിസിപ്പാലിറ്റി, അല്‍ ദഫ്റ റീജന്‍ മുനിസിപ്പാലിറ്റി എന്നിങ്ങനെ മുനിസിപ്പാലികള്‍ക്കു കീഴില്‍ ഏത് മേഖലയിലാണ് പരിപാടിയെന്ന് അപേക്ഷകന്‍ തിരഞ്ഞെടുത്തിരിക്കണം. മൂന്ന് മുനിസിപ്പാലിറ്റിയിലേത് തിരഞ്ഞെടുത്താലും അതിനു കീഴിലുള്ള പാര്‍ക്കുകളുടെയും ഉദ്യാനങ്ങളുടെയും വിവരങ്ങള്‍ പ്ലാറ്റ് ഫോമില്‍ കാണാനാവും.
ഏതു ദിവസമാണെന്നും ഏതു സമയമാണെന്നും അപേക്ഷകന്‍ തിരഞ്ഞെടുക്കണം. ബുക്കിങ് പൂര്‍ത്തിയായിക്കഴിയുമ്പോള്‍ ഒരു ഫോറം തുറന്നുവരികയും ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ചെയ്യുകയും വേണം.
ഇങ്ങനെ ബുക്ക് ചെയ്യുന്നവര്‍ വാണിജ്യ ആവശ്യത്തിനോ സമൂഹ പരിപാടികള്‍ക്കോ വേദി ഉപയോഗിക്കാന്‍ പാടില്ല, ബുക്ക് ചെയ്തുകിട്ടുന്ന വേദിയുടെ സുരക്ഷയും ശുചിത്വവും പാലിക്കണം. വേദിക്ക് നാശനഷ്ടം വരുത്തിയാല്‍ അപേക്ഷകന്‍ പിഴ അടയ്ക്കേണ്ടിവരും.
അനുമതി പരസ്യത്തിനോ മറ്റോ ഉപയോഗിക്കരുത്, സമയക്രമം പാലിക്കണം, സന്ദര്‍ശകര്‍ ആചാരങ്ങളും പാരമ്പര്യങ്ങളും അച്ചടക്കവും പാലിക്കണം, രണ്ടുമണിക്കൂറില്‍ കൂടുതല്‍ പാര്‍ക്കില്‍ സമയം ചെലവിടാന്‍ പാടില്ല, പാര്‍ക്കിലും ഉദ്യാനങ്ങളിലും കയറുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്ത അപേക്ഷ കാണിക്കണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നത്. അല്‍ ഐനില്‍ പാര്‍ക്കുകളില്‍ വൈകീട്ട് അഞ്ചുമുതല്‍ രാത്രി ഒമ്പതു വരെയാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.