ഏഴു കോടി ദിർഹം ചെലവിൽ അജ്മാനിൽ ഗ്യാസ് കമ്പനി
text_fieldsഅജ്മാൻ ഗ്യാസ് കമ്പനിയിൽ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി സന്ദർശനം നടത്തുന്നു
അജ്മാന്: ഏഴു കോടി ദിർഹം ചെലവിൽ നിർമിച്ച അജ്മാൻ ഗ്യാസ് കമ്പനി അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. അജ്മാനിലെ അൽ ജർഫ് വ്യവസായിക മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ദ്രവീകൃത വാതകത്തിന്റെ നിലവിലെ എല്ലാ ദൈനംദിന ആവശ്യങ്ങളും ഉൾക്കൊള്ളുന്ന എമിറേറ്റിലെ ഇത്തരത്തിലുള്ള ആദ്യത്തേതും ഏറ്റവും ആധുനികവുമായ പ്ലാന്റാണിത്. ഭാവിയിൽ ഉപഭോഗനിരക്കിലെ ഏത് വർധനയും ഉൾക്കൊള്ളാൻ കഴിവുള്ളതാണിത്. പ്രതിദിനം ഏകദേശം 4,00,000 കിലോഗ്രാമാണ് സ്ഥാപനത്തിന്റെ പരമാവധി ഉൽപാദന ശേഷി.
ഉദ്ഘാടന ചടങ്ങിൽ പോർട്ട് ആൻഡ് കസ്റ്റംസ് വകുപ്പ് മേധാവി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ നുഐമി, പ്രോട്ടോകോൾ ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗം ഡയറക്ടർ ജനറൽ യൂസഫ് അൽ നുഐമി, കിരീടാവകാശിയുടെ ഓഫിസ് മേധാവി അഹ്മദ് ഇബ്രാഹിം അൽ ഗംലാസി തുടങ്ങിയവര്‍ പങ്കെടുത്തു. അജ്മാൻ എമിറേറ്റിലെ ഉപഭോക്താക്കൾക്ക് മികച്ച വിലയോടൊപ്പം മികച്ച സേവനങ്ങളും ഗുണനിലവാരത്തിന്റെയും സുരക്ഷയുടെയും ഉയർന്ന മാനദണ്ഡങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലെ നിറമായ ചുവപ്പ് സിലിണ്ടറില്‍നിന്നും വ്യത്യസ്തമായി ചാരനിറത്തിലാണ് പുതിയ സിലിണ്ടര്‍ അജ്മാന് ഗ്യാസ് ഇറക്കുന്നത്.
പുതിയ തരം ഗ്യാസ് സിലിണ്ടറുകളിലൂടെ ആധുനിക സുരക്ഷ സവിശേഷതകളോടെ ഉപഭോക്താക്കള്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പുവരുത്തുന്നുണ്ടെന്ന് അജ്മാൻ ഗ്യാസ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ അഹ്മദ് ഇബ്രാഹിം അൽ ഗംലസി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.