അബൂദബിയില്‍ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
text_fieldsഅബൂദബി: അബൂദബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു. 120ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 64 പേരുടെ നില ഗുരുതരമാണ്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്‍റിലാണ് സ്‌ഫോടനം. തൊട്ടടുത്ത കടകളിലേക്കും തീപടർന്നു.
വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്‌ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.
ആദ്യ ശബ്ദം കേട്ടയുടന്‍ ആളുകള്‍ പൊലീസിനെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു കാതടിപ്പിക്കുന്ന ശബ്ദം. ഇതോടെ സമീപ കെട്ടിടങ്ങളിലെ ജനാലകള്‍ വിറച്ചു. ചില ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നുവീഴുകയും ചെയ്തു. റെസ്‌റ്റോറന്‍റിന് പുറത്തുനിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ പതിച്ചു.
സമീപത്തെ നാലു താമസകേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ മുന്‍കരുതലെന്ന നിലയ്ക്ക് അധികൃതര്‍ ഒഴിപ്പിക്കുകയും ചെയ്തു. റസ്‌റ്റോറന്‍റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചുവെന്നും അബൂദബി പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.