അബൂദബിയിൽ പാചകവാതക വില പുതുക്കി
text_fieldsഅബൂദബി: എമിറേറ്റിലെ പാചകവില പുതുക്കി നിശ്ചയിച്ചു. 25 എൽ.ബി.എസ് സിലിണ്ടറിന് 54 ദിർഹവും 50 എൽ.ബി.എസ് സിലിണ്ടറിന് 108 ദിർഹവുമാണ് പുതുക്കിയ വില. 25 എൽ.ബി.എസ് സിലിണ്ടറിന് നേരത്തേ 36.75 ഉം 50 എൽ.ബി.എസ് സിലിണ്ടറിന് 68.75 ഉം ദിർഹവുമായിരുന്നു വില. ഇരട്ടിയോളം തുകയാണ് രണ്ടുതരം സിലിണ്ടറുകൾക്കും വർധിച്ചിട്ടുള്ളത്. 25 എൽ.ബി.എസ് സിലിണ്ടറാണ് ഗാർഹിക ആവശ്യങ്ങൾക്കായി കൂടുതലും ഉപയോഗിക്കുന്നത്. 50 എൽ.ബി.എസ് സിലിണ്ടർ റസ്റ്റാറന്റ്, ബേക്കറി, കഫറ്റീരിയകളാണ് ഉപയോഗിച്ചുവരുന്നത്.
ഗാർഹിക പാചകവാതക സിലിണ്ടർ ഉപയോഗിക്കുന്നത് സംബന്ധിച്ച് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി മാർഗനിർദേശം പുറത്തിറക്കിയിരുന്നു. അതിൽ പ്രധാനമായത് ഫ്ലാറ്റുകളും മറ്റും ഗ്യാസ് ലൈനിലെ കണക്ഷൻ ഉപയോഗിക്കുക എന്നതാണ്. ഒരു സമയം രണ്ടു സിലിണ്ടറുകൾ മാത്രമേ കൊണ്ടുപോകാവൂ, സിലിണ്ടറുകൾ കിടത്തിഇടരുത്, നേരിട്ട് സൂര്യപ്രകാശം അടിക്കുന്നിടത്ത് വെക്കരുത്, വായു സഞ്ചാരമുള്ള അടച്ചുറപ്പുള്ള ഇടത്ത് വെക്കണം, തീയുടെ അടുത്തുനിന്ന് മാറ്റിവെക്കണം, റെഗുലേറ്ററും ഹോസും ശരിയായ വിധമാണോ വെച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം, പാചകവാതകത്തിന് ബദലായി വൈദ്യുതി കുക്കറുകൾ ഉപയോഗിക്കുക തുടങ്ങിയ മാർഗനിർദേശങ്ങളാണ് നൽകിയത്.
ഗ്യാസ് സിലിണ്ടറില്‍ നിലവാരമുള്ള റെഗുലേറ്ററും പൈപ്പും ഉപയോഗിച്ച് ശരിയായി ബന്ധിപ്പിച്ചുവെന്ന് ഉറപ്പാക്കുക, ഉപയോഗശേഷം റെഗുലേറ്റര്‍ ഓഫാക്കുക, ഉപയോഗിക്കാത്ത അടുപ്പിന്റെ നോബുകള്‍ ഓഫാണെന്ന് ഉറപ്പാക്കുക, സിലിണ്ടറിനും അടുപ്പിനും സമീപം തീപിടിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കരുത്, അടുക്കളയില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക, സൂര്യപ്രകാശം നേരിട്ടു പതിക്കുകയോ ചൂട് തട്ടാന്‍ സാധ്യതയുള്ളതോ ആയ ഭാഗത്തുനിന്ന് ഗ്യാസ് സിലിണ്ടര്‍ മാറ്റിവെക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അംഗീകൃത കമ്പനികളില്‍നിന്ന് മാത്രം ഗ്യാസ് വാങ്ങാനും ഗ്യാസ് ഇന്‍സ്റ്റലേഷനും അറ്റകുറ്റപ്പണിക്കും അംഗീകൃത കമ്പനികളെയും വ്യക്തികളെയും മാത്രം ആശ്രയിക്കാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.