ഗസ്സ സംഘർഷം;ദീപാവലി ആഘോഷം മാറ്റിവെച്ച് ഇന്ത്യൻ സ്കൂളുകൾ
text_fieldsദുബൈ: ദീപാവലി പ്രമാണിച്ച് അവധി പ്രഖ്യാപിച്ചെങ്കിലും ഗസ്സ-ഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ മാറ്റിവെച്ച് യു.എ.ഇയിലെ ചില ഇന്ത്യൻ സ്കൂളുകൾ. ത്രീ ജംസ് ഇന്ത്യൻ കരിക്കുലം സ്കൂൾ, അവർ ഓൺ ഇന്ത്യൻ ഹൈസ്കൂൾ, ജെംസ് മോഡേൺ അക്കാദമി ആൻഡ് ന്യൂ മിലേനിയം സ്കൂൾ എന്നിവയാണ് ആഘോഷങ്ങൾ നീട്ടിവെച്ചത്. അതേസമയം, ദീപാവലിയോടനുബന്ധിച്ച് വെള്ളിയാഴ്ച മുതൽ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്. ചില സ്കൂളുകൾ വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കിയതിനാൽ തിങ്കളാഴ്ച അവധി നൽകി ചൊവ്വാഴ്ചയായിരിക്കും സ്കൂളുകൾ തുറക്കുക.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദീപങ്ങളുടെയും ആഘോഷമായാണ് ലോകമെമ്പാടുമുള്ള ഹിന്ദു, സിഖ്, ബുദ്ധ മതക്കാർ ദീപാവലിയെ കാണുന്നത്. യു.എ.ഇയിലും ദീപാവലിക്ക് വലിയ തോതിൽ ആഘോഷ പരിപാടികൾ എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്.
വെള്ളിയാഴ്ച ആരംഭിക്കുന്ന ദീപാവലിയുടെ പ്രധാന ആഘോഷങ്ങൾ ഞായറാഴ്ചയാണ് നടക്കാറ്. എന്നാൽ, ഗസ്സ-ഇസ്രായേൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യൻ മേഖലയിൽ വലിയ മാനുഷിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ആഘോഷ പരിപാടികൾ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ജെംസ് മോഡേൺ അക്കാദമി സീനിയിർ വൈസ് പ്രസിഡന്റും പ്രിൻസിപ്പലുമായ നർഗിഷ് ഖംബട്ട പറഞ്ഞു. എങ്കിലും വ്യക്തിപരമായ രീതിയിൽ ലൈറ്റുകൾ തെളിയിച്ച് ആഘോഷങ്ങളിൽ പങ്കാളികളാകാമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.