പ്രകടനം മെച്ചപ്പെടുത്താൻ പൊതുജന അഭിപ്രായ സർവേയുമായി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) പ്രവർത്തന മികവ് വിലയിരുത്താനും സേവനങ്ങൾ മെച്ചപ്പെടുത്താനുമായി പൊതുജനാഭിപ്രായ സർവേ നടത്തുന്നു. സമൂഹത്തിൽനിന്നും നേരിട്ട് അഭിപ്രായങ്ങൾ ശേഖരിച്ച് സ്ഥാപനത്തിന്റെ പ്രവർത്തനരീതികളും നടപടിക്രമങ്ങളും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സർവേ.
ജി.ഡി.ആർ.എഫ്.എ ദുബൈ നൽകുന്ന സേവനങ്ങളിലും നടപടിക്രമങ്ങളിലും ജനങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും സർവേയിലൂടെ പങ്കുവെക്കാം. ഇതുവഴി ഉപഭോക്തൃ തൃപ്തി ഉറപ്പുവരുത്താനും കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ലക്ഷ്യം. സർവേയിൽ പങ്കെടുക്കുന്നവർ നൽകുന്ന വ്യക്തിപരമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇംഗ്ലീഷിലും അറബിയിലുമുള്ള https://msurvey.government.ae/survey/GeneralDirectorateofResidencyandForeignersAffairs-Dubai/iFe ഓൺലൈൻ ലിങ്കിലൂടെ മിനിറ്റുകൾ കൊണ്ട് പൊതുജനങ്ങൾക്ക് സർവേയിൽ അഭിപ്രായങ്ങൾ അറിയിക്കാമെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി
സർവേ വിവരങ്ങൾ വിശകലനം ചെയ്ത് പോരായ്മകൾ പരിഹരിക്കാനും മുൻനിര സ്ഥാപനമാകാനുമാണ് നീക്കം. ജനങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുകയും സേവന രീതികളിൽ അവ ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, മികച്ച സേവനങ്ങൾ നൽകുന്നതിന് ഇത് വഴിയൊരുക്കും.
ജി.ഡി.ആർ.എഫ്.എ ദുബൈയുടെ പ്രവർത്തന മികവ് വിലയിരുത്താനും സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ജനങ്ങളെ മികച്ച രീതിയിൽ സേവിക്കാനുമുള്ള വിലപ്പെട്ട അവസരമാണ് ഈ പൊതുജനാഭിപ്രായ സർവേയെന്നും എല്ലാ ജനങ്ങളും സർവേയിൽ പങ്കെടുക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.