ഹത്തവഴി അതിർത്തി കടക്കുന്നത് 3.50 ലക്ഷം യാത്രക്കാർ
text_fieldsദുബൈ: ഓരോ മാസവും 3.50 ലക്ഷത്തിലധികം യാത്രക്കാർ ഹത്ത വഴി അതിർത്തി കടക്കുന്നുണ്ടെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് െറസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ദുബൈ രണ്ടാം ഉപഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ ഹത്ത വികസന പദ്ധതി സന്ദർശന വേളയിലാണ് വെളിപ്പെടുത്തൽ. പ്രധാനമായും ഒമാനിലേക്കാണ് ഹത്തവഴി അതിർത്തി കടക്കുന്നത്.
ഹത്തയിലെ വകുപ്പിന്റെ ഓഫിസിലെത്തിയ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദിനെ മേധാവി ലഫ്റ്റ്നന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഓഫിസിൽ നൽകുന്ന സേവനങ്ങളും അതിർത്തിയിലെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളും അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
ദുബൈ എമിറേറ്റിന്റെ അവസരങ്ങളിലേക്ക് യാത്രക്കാരെ ബന്ധിപ്പിക്കുന്ന സുപ്രധാന കവാടമാണ് ഹത്ത അതിർത്തി. യാത്രക്കാരുടെ എണ്ണത്തിലെ ക്രമാനുഗതമായ വർധന ദുബൈയുടെ വളർച്ചയെ അടയാളപ്പെടുത്തുന്നു. യാത്രക്കാരുടെ വർധിച്ചുവരുന്ന വരവ് കണക്കിലെടുത്ത് സുഗമവും കാര്യക്ഷമവുമായ യാത്രാ പ്രക്രിയകൾ സദാസമയവും ഇവിടെ ഉറപ്പാക്കുമെന്ന് മേധാവി ലഫ്റ്റ്നന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ഹത്ത അതിർത്തിയിലെ സേവനങ്ങൾ അനുദിനം മെച്ചപ്പെടുത്തുന്നതിനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയെ ശൈഖ് അഹമ്മദ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.