ടൂറിസ്റ്റ് വിസയിൽ ദുബൈയിൽ എത്തുന്നവർക്ക് ഇനി ഡിസ്കൗണ്ട് കാർഡുകളും
text_fieldsദുബൈ: ടൂറിസ്റ്റ് വിസയിൽ ദുബൈയിൽ എത്തുന്നവർക്ക് ഇനി ഡിസ്കൗണ്ട് കാർഡുകളും. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഓഫറുകൾ ലഭിക്കുക. ഈ കാർഡ് ഉപയോഗിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ഷോപ്പിങ് സെൻററുകൾ, ഷോപ്പുകൾ, റസ്റ്റാറൻറുകൾ, ഹോട്ടൽ തുടങ്ങിയവ അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്ന് ഓഫറുകൾ സ്വന്തമാക്കാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജി.ഡി.ആർ.എഫ്.എ) പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ലോഞ്ചിങ് ജൈടെക്സ് ടെക്നോളജി വീക്കിൽ ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയും ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ജനറൽ സാമി അൽ കംസിയും ചേർന്ന് നിർവഹിച്ചു.
അൽ സാദ ടൂറിസ്റ്റ് സ്മാർട്ട് കാർഡ് എന്ന പേരിലാണ് കിഴിവ്. പാസ്പോർട്ട് കൗണ്ടറിന് മുന്നിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ആപ് ഡൗൺലോഡ് ചെയ്യാൻ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ പ്രത്യേക ബാർകോഡ് നൽകും. ഇതിലെ കോഡ് സ്കാൻ ചെയ്ത് പാസ്പോർട്ട് നമ്പറും എത്തിയ തീയതിയും രജിസ്റ്റർ ചെയ്യുന്നതോടെ പദ്ധതിയുടെ ഭാഗമാകും. പ്രൊമോഷൻ ലഭിക്കുന്ന സ്ഥാപനങ്ങളും അതിെൻറ ലൊക്കേഷനും ആപ്പിൽ ദൃശ്യമാകും.
പദ്ധതിയുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെ ഓഫറുകൾ അറിയിപ്പായി ലഭിക്കും. ദുബൈയിലെ നൂറുകണക്കിന് സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങുന്നതോടെ കാർഡ് അസാധുവാകും. മറ്റൊരു ടൂറിസ്റ്റ് വിസയിൽ എത്തുമ്പോൾ പുതിയ കാർഡ് നൽകും. സന്ദർശകരുടെ സന്തോഷമാണ് തങ്ങൾക്ക് പ്രധാനമെന്നും അത് വർധിപ്പിക്കാനാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതെന്നും മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽമരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.