ദുബൈ മാളിൽ വിസ സേവനങ്ങൾ പരിചയപ്പെടുത്തി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: ദുബൈയിലെ വിസ സേവനങ്ങളും യാത്രാ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) ദുബൈ മാളിൽ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ‘ഫോർ യു, വി ആർ ഹിയർ’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് പ്രദർശനം.
പരിപാടിയിൽ ഉദ്യോഗസ്ഥർ ഉപയോക്താക്കളുമായി നേരിട്ട് സംവദിക്കുകയും അവർക്ക് വിവിധ സേവനങ്ങളെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തുകയും ചെയ്തു. ദുബൈയിലെ വിവിധ സ്ഥലങ്ങളിൽ മുമ്പ് നടത്തിയ പ്രദർശനങ്ങളുടെ തുടർച്ചയാണ് ദുബൈ മാളിലെയും പ്രദർശനം.
വിസ സേവനങ്ങൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ എങ്ങനെ ലഭ്യമാക്കാമെന്നതു സംബന്ധിച്ച് ബോധവത്കരിക്കുക എന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം.
ഗോൾഡൻ വിസ, പ്രവേശനാനുമതി, എമിറേറ്റ്സ് ഐ.ഡി, പ്രവാസികൾക്കുള്ള താമസ കുടിയേറ്റ നിയമോപദേശം, യു.എ.ഇ സ്വദേശികൾക്കുള്ള സേവനങ്ങൾ, കുട്ടികളുടെ പാസ്പോർട്ട് പ്ലാറ്റ്ഫോം തുടങ്ങിയ വിവിധ സർവിസുകളുടെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു.
കൂടാതെ, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപന ചെയ്ത നൂതന പ്ലാറ്റ്ഫോമായ ‘04’ സേവനത്തെക്കുറിച്ചും ഇവിടെ വിശദമായി അവതരിപ്പിച്ചു. പ്രദർശന പവിലിയൻ ജി.ഡി.ആർ.എഫ്.എയുടെ ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുസമദ് ഹുസൈൻ സുലൈമാൻ സന്ദർശിച്ചു.
ജി.ഡി.ആർ.എഫ്.എയുടെ സമൂഹ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഈ കാമ്പയിൻ ഉപയോക്താക്കൾക്ക് ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് കൂടുതൽ ബോധവത്കരിക്കാൻ മികച്ച ഒരു മാർഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.