ബംബർ സമ്മാനങ്ങളുമായി തൊഴിലാളികൾക്ക് പുതുവത്സരാഘോഷം സംഘടിപ്പിക്കാനൊരുങ്ങി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: എമിറേറ്റിലെ തൊഴിലാളികൾക്ക് കൈ നിറയെ സമ്മാനങ്ങളുമായി മെഗാ പുതുവത്സരാഘോഷങ്ങൾ പ്രഖ്യാപിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ‘നേട്ടങ്ങൾ ആഘോഷിക്കുന്നു, ഭാവി കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. തൊഴിലാളികൾക്കായി വിലപിടിപ്പുള്ള സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ നൽകും. രണ്ട് കാറുകൾ, സ്വർണ്ണ കട്ടികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, യാത്രാ ടിക്കറ്റുകൾ, ക്യാഷ് പ്രൈസുകൾ, 100 സ്മാർട്ട് മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ അഞ്ച് ലക്ഷം ദിർഹമിന്‍റെ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴിടത്തായി നടത്തുന്ന ആഘോഷങ്ങളിൽ പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ, ഗായിക കനിക കപൂർ, നടന്മാരായ റോമൻ ഖാൻ, വിശാൽ കോട്ടിയൻ, ഗായകനും സംവിധായകനുമായ രോഹിത് ശ്യാം റൗട്ട് എന്നിവർ അതിഥികളാകും. അൽഖൂസ്, ജബൽ അലി, മുഹൈസിന എന്നിവിടങ്ങളിലാണ് പ്രധാന പരിപാടികൾ നടക്കുക. ദുബൈയുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിനു വേണ്ടിയാണ് പ്രത്യേക ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10,000ത്തിലധികം തൊഴിലാളികൾ ആഘോഷ പരിപാടിയിൽ പങ്കെടുക്കും. ഡിസംബർ 31ന് ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന പരിപാടി അർദ്ധരാത്രി വരെ തുടരും. പുതുവർഷത്തിന് തുടക്കം കുറിക്കുബോൾ ഗംഭീര വെടിക്കെട്ടും അരങ്ങേറും. അന്താരാഷ്ട്ര കലാകാരന്മാരുടെ വിവിധ സംഗീത പ്രകടനങ്ങൾ, അതിശയിപ്പിക്കുന്ന അക്രോബാറ്റിക് ഷോകൾ, സവിശേഷമായ ഉത്സവ അന്തരീക്ഷം സൃഷ്ടിക്കുന്ന ഡി.ജെ സെറ്റുകൾ, സാംസ്കാരികവും കലാപരവുമായ വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്ന ആഗോള ടീമുകളുടെ പ്രകടനങ്ങൾ എന്നിവയും ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടുമെന്ന് ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടറും ദുബൈ തൊഴിൽകാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അറിയിച്ചു. ജി.ഡി.ആർ.എഫ്.എ ദുബൈ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ദുബൈയിലെ തൊഴിൽകാര്യ സ്ഥിരം സമിതി ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വർക്ക് റെഗുലേഷൻ സെക്ടർ അസി. ഡയറക്ടർ മേജർ ജനറൽ ഡോ. അലി അബ്ദുല്ല ബിൻ അജിഫ്, പരിപാടിയുടെ മുഖ്യ പ്രായോജകരായ ഡുവിലെ ഗവൺമെന്‍റ് റിലേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് അബുറുഹൈമ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.