പൊതുമാപ്പ് കേന്ദ്രങ്ങളിൽ മികച്ച സുരക്ഷയൊരുക്കി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: പൊതുമാപ്പ് സേവന കേന്ദ്രത്തിൽ അതീവ സുരക്ഷാ സൗകര്യങ്ങളും അടിയന്തര സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു.
എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഒരു സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പൊതുമാപ്പ് നീട്ടിയത്. ഈ മാനുഷിക സംരംഭം വിജയിപ്പിക്കുന്നതിൽ കമ്യൂണിറ്റി സുരക്ഷ പ്രധാനമാണ്. അതിനായി സേവന കേന്ദ്രങ്ങൾ സുരക്ഷിതമാക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും ഡയറക്ടറേറ്റ് നടത്തുമെന്ന് ജി.ഡി.ആർ.എഫ്.എയിലെ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു.
50,000 മണിക്കൂർ തൊഴിൽ സമയമാണ് പൊതുമാപ്പ് കേന്ദ്രങ്ങൾക്കായി സമർപ്പിക്കപ്പെട്ടത്. ഈ കാലയളവിൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാത്രമല്ല, പൊതുമാപ്പ് കേന്ദ്രങ്ങളിൽ ഓക്സിജന്റെ അളവ് ക്രമീകരിക്കുന്നതുൾപ്പെടെ സമഗ്രമായ പാരിസ്ഥിതിക വിലയിരുത്തലുകളും നടത്തി.
പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു മാപ്പ് കേന്ദ്രങ്ങളിൽ തുടർച്ചയായ ദൈനംദിന സുരക്ഷാ വിലയിരുത്തലുകൾ ഉൾപ്പെടുന്ന സമഗ്രമായ റിസ്ക് മാനേജ്മെന്റ് പ്ലാൻ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിസ്ക് ആൻഡ് ക്രൈസിസ് ടീം ഡെപ്യൂട്ടി തലവനും ജി.ഡി.ആർ.എഫ്.എയിലെ എൻവയോൺമെന്റ് ആൻഡ് ഒക്യുപേഷനൽ സേഫ്റ്റി ഡിപ്പാർട്ട്മെന്റ് തലവനുമായ ഫസ്റ്റ് ലെഫ്റ്റനന്റ് ഖലീഫ മുഹമ്മദ് ബിൻ മസീനെ പറഞ്ഞു.
സുരക്ഷയും പ്രതിരോധവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേകം പരിശീലനം സംഘടിപ്പിച്ചിരുന്നു. അടിയന്തര ഘട്ടങ്ങളിൽ പ്രതികരിക്കാനും പ്രഥമ ശുശ്രൂഷ നൽകാനുമായി 99 ജീവനക്കാർക്കും ആരോഗ്യ, തൊഴിൽ സുരക്ഷക്കായി 127 ജീവനക്കാർക്കും എമർജൻസി മാനേജ്മെന്റിൽ 104 ജീവനക്കാർക്കും പരിശീലനം നൽകിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.