വിമാനത്താവളത്തിൽ കുടുങ്ങിയവർക്ക് കൈത്താങ്ങായി ജി.ഡി.ആർ.എഫ്.എ
text_fieldsദുബൈ: ഐ.സി.എയുടെയും ജി.ഡി.ആർ.എഫ്.എയുടെയും അനുമതിയില്ലാെത വിമാനത്താവളത്തിൽ എത്തി കുടുങ്ങിയ 300ഓളം യാത്രക്കാരെ താമസസ്ഥലത്തെത്തിച്ച് ദുബൈ. മലയാളികൾ അടക്കമുള്ള യാത്രക്കാരാണ് ഇത്തരത്തിൽ വിമാനത്താവളത്തിൽ എത്തിയത്. രേഖകൾ ശരിയല്ലാത്തതിനെ തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തിൽ തങ്ങേണ്ടിവന്ന ഇവരെ ജി.ഡി.ആർ.എഫ്.എ അധികൃതരാണ് ബസുകൾ ഏർപ്പെടുത്തി താമസസ്ഥലത്ത് സുരക്ഷിതമായി എത്തിച്ചത്.
ദുബൈയിൽ എത്തുന്നവർക്ക് ജി.ഡി.ആർ.എഫ്.എയുടെയും മറ്റ് എമിറേറ്റുകളിലെത്തുന്നവർക്ക് ഐ.സി.എയുടെയും അനുമതി വേണമെന്നാണ് നിബന്ധന. മറ്റ് എമിറേറ്റുകളിൽ വിസയുള്ളവർ ദുബൈവഴിയാണ് എത്തുന്നതെങ്കിൽ ഐ.സി.എയുടെ അനുമതിയാണ് തേടേണ്ടത്. എന്നാൽ, കൃത്യമായ അനുമതിയില്ലാെത യാത്രക്കാർ എത്തിയതോടെ ദുബൈ വിമാനത്താവളത്തിലെ നടപടി ക്രമങ്ങളെ ബാധിച്ചു.
ഇതോടെയാണ് യാത്രക്കാർ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത്. മടങ്ങിപ്പോകേണ്ടി വരുേമാ എന്ന ഭയത്തിലായിരുന്നു പലരും.എന്നാൽ, ദുബൈ അധികൃതരുടെ മനുഷ്യത്വപരമായ ഇടപെടലിനെ തുടർന്ന് ഇവർക്ക് പുറത്തിറങ്ങാൻ അനുമതി നൽകുകയായിരുന്നു. മാത്രമല്ല, വിവിധ എമിറേറ്റുകളിലുള്ളവരെ അവരുടെ താമസസ്ഥലങ്ങളിൽ ബസുകളിൽ എത്തിക്കുകയും ചെയ്തു. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ യാത്രക്കാർക്കാണ് ജി.ഡി.ആർ.എഫ്.എ തുണയായത്. ദുബൈ പൊലീസ്, ആർ.ടി.എ എന്നിവരുടെ സഹായത്തോടെയാണ് യാത്രസൗകര്യമൊരുക്കിയത്.
യാത്രക്കാർക്ക് ആവശ്യമായ സഹായം ചെയ്യാൻ പ്രത്യേക എമിഗ്രേഷൻ സംഘത്തെ നിയോഗിച്ചിരുന്നതായി ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽമറി വകുപ്പിെൻറ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചു.യാത്രക്കാര്‍ക്ക് മികച്ച സൗകര്യമൊരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ മറി കൂട്ടിച്ചേർത്തു. ബ്രിഗേഡിയർ ഫൈസൽ അബ്‌ദുല്ല നൈയീമിയുടെ നേതൃത്വത്തിലാണ് നടപടികൾ ജി.ഡി.ആർ.എഫ്.എ ഏകോപിപ്പിച്ചത്.
കോവിഡ് സാഹചര്യത്തിൽ അടിക്കടി നിയമങ്ങളിൽ മാറ്റം വന്നേക്കാം. അതിനാൽ ദുബൈ വിസയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ അറിയാനും സംശയനിവാരണത്തിനും, 8005111 എന്ന ടോൾഫ്രീയിൽ ബന്ധപ്പെടണമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറി അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് 009714313999 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.വകുപ്പിെൻറ വെബ്സൈറ്റ് വഴിയുള്ള ചാറ്റ് ബോക്സിലൂടെ ബന്ധപ്പെട്ടാലും വിവരങ്ങൾ അറിയാൻ കഴിയും. ഇ–മെയിൽ വിലാസം: amer@dnrd.ae.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.