ജെമിനിഡ് ഉൽക്കാവർഷം വെള്ളിയാഴ്ച കാണാം
text_fieldsഅബൂദബി: ഈ വർഷത്തെ അവസാന ഉൽക്കാവർഷമായ ജെമിനിഡ് ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കാൻ അവസരമൊരുങ്ങുന്നു. ഈ മാസം 13ന് വെള്ളിയാഴ്ച രാത്രി മുതൽ 14ന് പുലർച്ചെ വരെ യു.എ.ഇയുടെ ആകാശത്ത് ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകുമെന്നാണ് വിദഗ്ധർ അറിയിച്ചിരിക്കുന്നത്. വളരെ തിളക്കമുള്ളതും വർണാഭമായതുമാണ് ജെമിനിഡുകൾ. ഉൽക്കാവർഷം ഏറ്റവും തീവ്രമാകുന്ന സമയത്ത് മണിക്കൂറിൽ ഏകദേശം 120 ഉൽക്കകൾ വരെ ദൃശ്യമാകുമെന്നാണ് വാനനിരീക്ഷകരുടെ വിലയിരുത്തൽ.
പൂർണചന്ദ്രൻ മങ്ങിയ ഉൽക്കകളെ കാഴ്ചയിൽനിന്ന് മറക്കാൻ സാധ്യതയുണ്ടെങ്കിലും ജെമിനിഡുകളുടെ തിളക്കവും സാവധാനത്തിലുള്ള ചലനവും നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ജെമിനിഡ് ഉൽക്കാവർഷം വീക്ഷിക്കാൻ പ്രത്യേക ഉപകരണങ്ങളോ ടെലിസ്കോപ്പുകളോ ആവശ്യമില്ല.
ഉൽക്കകൾ നിരീക്ഷിക്കാൻ മരുഭൂമി പോലെ ഇരുണ്ടതും വിശാലവുമായ പ്രദേശങ്ങൾ തിരഞ്ഞെടുക്കണം. ശേഷം നിലത്ത് തലവെച്ച് കിടന്ന് കുറഞ്ഞത് 20 മിനിറ്റെങ്കിലും ആകാശത്തേക്ക് നോക്കി പൂർണശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. അർധരാത്രിക്ക് ശേഷമാണ് പ്രധാനമായും ഉൽക്കകൾ കൂടുതലായി പ്രത്യക്ഷപ്പെടുക.
എല്ലാ വർഷവും നവംബർ 19നും ഡിസംബർ 24നുമിടയിൽ ജെമിനിഡുകൾ സജീവമാകാറുണ്ട്. ഡിസംബർ പകുതിയോടെയാണ് അവയുടെ തോത് ഉയരുക. 1800കളുടെ മധ്യത്തിലാണ് ജെമിനിഡുകൾ ആദ്യമായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെന്നാണ് നാസയുടെ വെബ്സൈറ്റിൽ പറയുന്നത്. പിന്നീടിങ്ങോട്ട് എല്ലാ വർഷവും പ്രധാന ഉൽക്കാവർഷങ്ങളിലൊന്നായി ജെമിനിഡുകൾ മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.