ഗര്‍ഷോം പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsദുബൈ: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ സമ്മാനിച്ചു. സന്തോഷ് കുമാർ (യു.എ.ഇ), രവീന്ദ്ര നാഥ് (ഇന്ത്യ), ധനേഷ് നാരായണൻ (അർമീനിയ), ഷൈനി ഫ്രാങ്ക് (കുവൈത്ത്) എന്നിവർക്കാണ് പുരസ്കാരം. മികച്ച മലയാളി സംഘടനക്കുള്ള അവാർഡിന് ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഫോർ ദി യു.കെ’ (എം.എ.യു.കെ) അർഹരായി.
അർമീനിയൻ തലസ്ഥാനമായ യെരവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ് ഹോട്ടലിൽ ശനിയാഴ്ച വൈകീട്ട് 6.30ന് നടന്ന ചടങ്ങിൽ സാഗർ ഹൻഡ്രെ എം.പി, യുനൈറ്റഡ് നാഷൻസ് ക്ലൈമറ്റ് ടെക്നോളജി സെന്റർ ഡയറക്ടർ ഹൈക് മാർഗരീയൻ, അര്‍മീനിയ ഇന്ത്യൻ എംബസി സെക്രട്ടറി ആദിത്യ പാണ്ഡെ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കർണാടക മുൻ എം.എൽ.എ ഐവൻ നിഗ്ലി, ഗോവ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജയ്ജോ ജോസഫ്, എം.വി.ആർ കാൻസർ സെന്റർ വൈസ് ചെയർമാൻ അബ്ദുല്ല കോയ, ഗര്‍ഷോം ഫൗണ്ടേഷന് പ്രസിഡന്റ് ജിൻസ് പോൾ എന്നിവർ സംസാരിച്ചു.
സ്വപ്രയത്നം കൊണ്ട് കേരളത്തിനുപുറത്ത് ജീവിത വിജയം നേടുകയും മലയാളികളുടെ യശസ്സ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കാനായി ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന് 2002 മുതലാണ് ഗര്‍ഷോം പുരസ്കാരങ്ങള്‍ ഏർപ്പെടുത്തിയത്.
ഇതുവരെ 94 പ്രവാസി മലയാളികളെയും 17 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ ജപ്പാൻ, നോർവേ, മലേഷ്യ, ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ, അസർബൈജാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ ഗർഷോം പുരസ്കാരദാന ചടങ്ങുകൾക്ക് ആതിഥ്യമരുളിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.