ദീപാവലിക്കൊരുങ്ങാം, കരുതലോടെ
text_fieldsദുബൈ: ദീപങ്ങളുടെ ആഘോഷങ്ങളിലേക്ക് കരുതലോടെ ഇന്ത്യൻ സമൂഹം. പതിവ് കൂട്ടം ചേരലുകളോ പരിപാടികളോ ഉണ്ടാവില്ലെങ്കിലും പരിമിതികൾക്കുള്ളിൽനിന്ന് ആഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സമൂഹം. കുടുംബങ്ങളുടെ താമസസ്ഥലങ്ങൾ ഇതിനകം ദീപാലംകൃതമായിക്കഴിഞ്ഞു. പൊതുസ്ഥലങ്ങളിൽ കൂട്ടം ചേർന്നുനിന്നുള്ള കരിമരുന്ന് പ്രയോഗങ്ങൾ ഇക്കുറി ഉണ്ടാവില്ല. എന്നാൽ, വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കരിമരുന്ന് പ്രയോഗങ്ങൾ വർണ വിസ്മയം തീർക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിെൻറയും യു.എ.ഇ ഇന്ത്യൻ എംബസിയുടെയും നേതൃത്വത്തിൽ ഓൺലൈനിലൂടെ ദീപാവലി പരിപാടികൾ നടത്തുന്നുണ്ട്.
ദീപാവലി നാളിൽ സന്ദർശിക്കാം
കോവിഡ് കാലത്ത് കൂടിചേരലിനും ആഘോഷങ്ങൾക്കും യാത്രകൾക്കും നിയന്ത്രണമുണ്ടെങ്കിലും ഇതെല്ലാം പാലിച്ചും ആഘോഷങ്ങളിൽ പങ്കെടുക്കാം. പാം ജുമൈറയിലും േഗ്ലാബൽ വില്ലേജിലും വിവിധ റസ്റ്റാറൻറുകളിലുമെല്ലാം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പാം ജുമൈറയിലെ ദ പോയെൻറയിൽ ലോകത്തിലെ ഏറ്റവും വലിയ ജലധാര റെക്കോഡിട്ടിരുന്നു. ദീപാവലിയോടനുബന്ധിച്ച് ഇവിടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി ഇവിടെ കരിമരുന്ന് പ്രയോഗം നടക്കും. ഇതിനനുസരിച്ച് ഫൗണ്ടെയ്നിലെ ജലധാര നൃത്തംചെയ്യും. രാത്രി ഒമ്പതു മുതലാണ് പരിപാടി. ഇതിനു സമീപത്തുള്ള റസ്റ്റാറൻറുകളിലും വിവിധ പരിപാടികൾ നടക്കും. ഇവിടങ്ങളിൽ ദീപാവലിയോടനുബന്ധിച്ച് 25 ശതമാനം വരെ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈ ഡിസൈെൻറ ഡിസ്ട്രിക്റ്റിൽ നടക്കുന്ന ഡിസൈൻ വീക്കിനോടനുബന്ധിച്ച് പ്രത്യേക ദീപാവലി പരിപാടികൾ നടക്കും. ദുബൈ ഫെസ്റ്റിവൽ സിറ്റിമാളിലും ആഘോഷം നടക്കുന്നുണ്ട്. ഈ മാസം 21 വരെ ഇമാജിങ് ഷോ അരങ്ങേറും. വൈകീട്ട് 6.30നാണ് പരിപാടി. ദുബൈ ഫെസ്റ്റിവൽ ആൻഡ് റിെട്ടയിൽ എസ്റ്റാബ്ലിഷ്മെൻാണ് സംഘാടകർ.
ദുബൈ വാട്ടർഫ്രണ്ട് മാർക്കറ്റിലെ ആഘോഷങ്ങൾ ശനിയാഴ്ച സമാപിക്കും. ബോളിവുഡ് ഡാൻസും കലാപ്രകടനങ്ങളുമാണ് ഇവിടെ നടക്കുന്നത്. അബൂദബി ഫെറാരി വേൾഡിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും തകർത്താടാം. േഗ്ലാബൽ വില്ലേജിലെ ഇന്ത്യൻ പവിലിയനിൽ ലൈറ്റ് ഫെസ്റ്റിവൽ നടക്കും. അൽ സീഫിൽ 21 വരെ ദീപങ്ങളുടെ ഉത്സവം അരങ്ങേറും. വ്യാഴാഴ്ചയാണ് തുടങ്ങിയത്. ഇതോടനുബന്ധിച്ച് അൽ സീഫ് സൂഖിൽ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അബൂദബിയിലെ പുതിയ ക്ഷേത്രത്തിെൻറ നേതൃത്വത്തിൽ ഓൺലൈൻ ആഘോഷവും നടക്കും.
മുൻകരുതൽ മറക്കരുത്
യു.എ.ഇയിൽ ദിവസവും ആയിരത്തിന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. ആഘോഷങ്ങൾക്കായി ഓരോ ചുവട് മുന്നോട്ടുവെക്കുേമ്പാഴും ഇതു മനസ്സിലുണ്ടാവണം. കൂട്ടംചേർന്ന് നിന്നുള്ള ആഘോഷങ്ങളിൽനിന്ന് പിന്മാറണം. മാസ്ക് നിർബന്ധം. കൂട്ടം ചേർന്നുനിന്ന് സംസാരിക്കുേമ്പാൾ മാസ്ക് മാറ്റുന്ന പതിവ് ഒഴിവാക്കണം. പുറത്തുപോകുേമ്പാൾ ഗ്ലൗസ് പരമാവധി ഉപയോഗിക്കുന്നത് നന്നാവും. ഒരുപാട് പേർ പങ്കെടുക്കുന്ന പരിപാടികളിൽ ഇടക്കിടെ ഗ്ലൗസും മാസ്കും മാറ്റി പുതിയത് ഉപയോഗിക്കണം. രോഗലക്ഷണങ്ങളുള്ളവർ പുറത്തുപോകരുത്. കാരണം, വൈറസ് നിങ്ങളുടെ ഉള്ളിലുണ്ടെങ്കിൽ കൂടുതൽ യാത്ര ചെയ്യുന്നത് സ്ഥിതി മോശമാക്കും. മാത്രമല്ല, മറ്റുള്ളവരിലേക്ക് പകരാനും ഇടവരും. മുൻകരുതൽ പാലിച്ചില്ലെങ്കിൽ പിഴയുടെ പിടി വീഴും എന്നതും ഓർമയിലുണ്ടാവണം.
ഒരു വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരിൽ കൂടുതൽ യാത്ര അനുവദിനീയമല്ല. ഒരേ കുടുംബത്തിലുള്ളവരാണെങ്കിൽ അഞ്ചുപേർ വരെ ആവാം. കോവിഡിനെ സൂക്ഷിക്കുന്നതിനൊപ്പം കരിമരുന്നുകളും സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ഇപ്പോഴത്തെ അവസ്ഥയിൽ ആശുപത്രി വാസം അത്ര നല്ല അനുഭവമായിരിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.