ദുബൈ വനിത ജയിലിന് ആഗോള അംഗീകാരം
text_fieldsദുബൈ: ലോകത്തെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ജയിലായി ദുബൈ വനിത ജയിലിനെ തിരഞ്ഞെടുത്തു. അമേരിക്കൻ കറക്ഷനൽ അസോസിയേഷൻ (എ.സി.എ) നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചതെന്ന് ദുബൈ പൊലീസ് എക്സലൻസ് ആൻഡ് പയനിയറിങ് അഫേഴ്സ് അസിസ്റ്റന്റ് കമാൻഡർ മേജർ ജനറൽ ഡോ. അബ്ദുൽ ഖുദുസ് അബ്ദുൽ റസാഖ് അൽ ഉബൈദി പറഞ്ഞു.
അന്താരാഷ്ട്ര നിലവാരം നിലനിർത്തുന്നതിൽ ദുബൈ പുരുഷ ജയിലിന് ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും ലഭിച്ചു. മിഡിലീസ്റ്റിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ജയിലും ദുബൈ പുരുഷ ജയിലാണ്. എ.സി.എ മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ 100 ശതമാനവും വിജയകരമായി പാലിക്കാൻ ദുബൈ ജയിലിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമാണ് അസോസിയേഷനിൽനിന്നുള്ള അന്താരാഷ്ട്ര അംഗീകാരമെന്നും ഉബൈദി കൂട്ടിച്ചേർത്തു.
അന്തേവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് ദുബൈ ജയിൽ നടപ്പാക്കുന്നത്. വിവിധ വകുപ്പുകളുടെ മാർഗനിർദേശങ്ങൾക്കു കീഴിൽ നിരവധി അന്തേവാസികൾ അവരുടെ യൂനിവേഴ്സിറ്റി ബിരുദം പൂർത്തിയാക്കുകയും മറ്റു നിരവധി സാങ്കേതിക കോഴ്സുകളിൽ വിജയം നേടുകയും ചെയ്തിട്ടുണ്ടെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. വിദ്യാഭ്യാസപരമായ പുരോഗതി തടവുകാർക്ക് മോചനത്തിനുശേഷം നൂതനമായ കമ്പനികൾ തുടങ്ങുന്നതിനും പുതിയ പ്രോജക്ടുകൾ അവതരിപ്പിക്കുന്നതിനും സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.