കാലത്തെ വായിച്ച് ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം
text_fieldsകാലാവസ്ഥ വ്യതിയാന വെല്ലുവിളികളെ ലോകം അതിജീവിക്കുമെന്ന് വിളംബരം ചെയ്ത് റാസല്‍ഖൈമയില്‍ നടന്ന നാലാമത് ഗ്ലോബല്‍ സിറ്റിസണ്‍ ഫോറത്തിന് ഉജ്ജ്വല പരിസമാപ്തി. റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുമായി സഹകരിച്ച് ‘ദ ബട്ടർഫ്ലെ ഇഫക്ട്: എര്‍ത്ത് ഏജ്’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ റാക് ഇന്റര്കോണ്ടിനെന്റലില് രണ്ട് ദിവസങ്ങളിലായാണ് ഫോറം നടന്നത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ലോകത്തെ പര്യാപ്തമാക്കുന്നത് സാമ്പത്തിക വികസനം കൈവരിക്കാനുള്ള അവസരമാണെന്ന് ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം ഉദ്ഘാടനം ചെയ്ത് സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി അഭിപ്രായപ്പെട്ടു.
സുസ്ഥിരതക്ക് വലിയ പ്രാധാന്യമാണ് രാജ്യം നല്‍കുന്നത്. സര്‍ക്കാര്‍ സംരംഭങ്ങളിലെല്ലാം പരിസ്ഥിതി സൗഹൃദ സന്ദേശങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ദുബൈയില്‍ നടന്ന കോപ്-28നോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ഫോറത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍. 2050ഓടെ കാലാവസ്ഥ സ്ഥിരത കൈവരിക്കുകയെന്ന യു.എ.ഇയുടെ ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് റാസല്‍ഖൈമ. സുരക്ഷിതവും കൂടുതല്‍ സുസ്ഥിരവുമായ ഭാവിക്കായുള്ള ആഗോള ശ്രമങ്ങളെ പിന്തുണക്കുമെന്നും ശൈഖ് സഊദ് തുടര്‍ന്നു.
ചടങ്ങില്‍ യു.എ.ഇ സഹിഷ്ണുതാ, സഹവർത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് പ്രഭാഷണം നടത്തി. കാലാവസ്ഥ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ആഗോള പങ്കാളികളുമായി സഹകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഗ്ലോബല്‍ സിറ്റിസണ്‍ ഫോറം ഉയര്‍ത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പരിസ്ഥിതി, പ്രകൃതി വിഭവങ്ങള്‍, ദേശീയ നേട്ടങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയുള്ള പാഠ്യ പദ്ധതികളിലൂടെ നഴ്സറി തലത്തിലുള്ള കുട്ടികള്‍ മുതല്‍ക്ക് പരിസ്ഥിതി ബോധവത്കരണം നല്കി വരുന്നുണ്ട്. ഇത് യുവാക്കളില്‍ ഉത്തരവാദിത്വ ബോധം വളര്‍ത്തുമെന്നും ആരോഗ്യകരമായ അന്തരീക്ഷം സാധ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.