ആഗോള നഗര സൂചിക; മിഡിൽ ഈസ്റ്റിൽ വീണ്ടും ദുബൈ ഒന്നാമത്
text_fieldsദുബൈ: മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്കൻ മേഖലയിൽ ഏറ്റവും മികച്ച നഗരമെന്ന സ്ഥാനം നിലനിർത്തി ദുബൈ. ഈ വർഷത്തെ മികച്ച ആഗോള നഗര സൂചികയിൽ ആദ്യ 25 സ്ഥാനങ്ങളിലും ദുബൈ ഇടം പിടിച്ചു. ഈ വർഷത്തെ ആഗോള പട്ടികയിൽ ദുബൈയുടെ സ്ഥാനം 23 ആണ്. തുടർച്ചയായി മൂന്നാം വർഷമാണ് ദുബൈ സൂചികയിലെ ആദ്യ 25 സ്ഥാനങ്ങളിൽ ഇടം നേടുന്നതെന്ന് മാനേജ്മെന്റ് കൺസൾട്ടൻസി കെയർണി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 156 രാജ്യങ്ങളുടെ പട്ടികയിൽ ന്യൂയോർക്കാണ് ഒന്നാം സ്ഥാനത്ത്. ലണ്ടൻ, പാരിസ് നഗരങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ടോക്യോ, ബെയ്ജിങ്, ബ്രസൽസ്, സിംഗപ്പൂർ, ലോസാഞ്ചൽസ്, മെൽബൺ, ഹോങ്കോങ് എന്നീ നഗരങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റ് നഗരങ്ങൾ.
മെന മേഖലയിൽ ഖത്തർ തലസ്ഥാനമായ ദോഹയാണ് മികച്ച നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിനാണ്. റിയാദ്, അബൂദബി എന്നീ നഗരങ്ങൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ പങ്കിട്ടു ആഗോള സൂചികയിൽ ദോഹയുടെ സ്ഥാനം 50ഉം തൽ അവീവിന്റെത് 57ഉം ആണ്. അതേസമയം, ആഗോള തലത്തിൽ മികച്ച കാഴ്ചപ്പാടുള്ള 30 നഗരങ്ങളിൽ അബൂദബിയും ഇടം പിടിച്ചിട്ടുണ്ട്.
വാണിജ്യ പ്രവർത്തനം, മനുഷ്യ മൂലധനം, വിവര കൈമാറ്റം, സാംസ്കാരിക അനുഭവങ്ങൾ, രാഷ്ട്രീയമായ മുന്നേറ്റം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 156 നഗരങ്ങളുടെ ആഗോള തല ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിക്കുന്നത്. കൂടാതെ ഒരു നഗരത്തിന് ആഗോളതലത്തിൽ മൂലധനവും, ആശയങ്ങളും ആകർഷിക്കാനും അത് നിലനിർത്താനും എത്രത്തോളം കഴിയുന്നുവെന്നതും റാങ്കിങ്ങിന് മാനദണ്ഡമാക്കുന്നതായും കെർണി പറഞ്ഞു. ജി.സി.സിയിലെ പ്രധാന നഗരങ്ങൾക്ക് ആഗോള സൂചികയിൽ അവരുടെ സ്ഥാനങ്ങൾ ഉയർത്തുന്നതിൽ മികവ് പുലർത്താനായിട്ടുണ്ട്.
കാരണം വിദേശ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളേയും വിനോദസഞ്ചാരത്തെയും ആകർഷിക്കുന്നതിനായി കോവിഡിന് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് അന്താരാഷ്ട്ര യാത്രയുടെ തിരിച്ചു വരവ് പ്രയോജനപ്പെടുത്താൻ ഈ രാജ്യങ്ങൾക്ക് സാധിച്ചു. സമീപ വർഷങ്ങളിൽ വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനായി യു.എ.ഇ വിപുലമായ സാമ്പത്തിക, നിയമ, സാമൂഹിക പരിഷ്കാരങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. ഗവൺമെന്റ് വിസ നടപടികൾ ലഘൂകരിച്ചത് വിദേശ തൊഴിലാളികൾക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരങ്ങൾ വർധിപ്പിച്ചു. യോഗ്യതാ മാനദണ്ഡങ്ങൾ ലളിതമാക്കുന്നതിനും ഗുണഭോക്താക്കളുടെ എണ്ണം വിപുലീകരിക്കുന്നതിനുമായി 10 വർഷത്തെ ഗോൾഡൻ വിസയുടെ നവീകരണം ഇതിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.