ആഗോള സർക്കാർ ഉച്ചകോടി; ഇലോൺ മസ്കും ഇദ്രിസ് എൽബയും എത്തും
text_fieldsദുബൈ: യു.എ.ഇ ആതിഥ്യമരുളുന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രമുഖർ എത്തും. ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക്, ഇംഗ്ലീഷ് നടൻ ഇദ്രിസ് എൽബ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഖാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. 13 മുതൽ 15 വരെ ദുബൈ മദീനത്ത് ജുമൈറയിലാണ് ഉച്ചകോടി നടക്കുന്നത്.
20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളും പങ്കെടുക്കും. 200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും. 80 പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സംഘടനകളും പങ്കെടുക്കും. ട്വിറ്റർ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറഞ്ഞുനിന്നയാളാണ് സ്പേസ് എക്സ് സ്ഥാപകൻകൂടിയായ ഇലോൺ മസ്ക്. ഉച്ചകോടിയുടെ മൂന്നാം ദിവസം യു.എ.ഇ കാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവിയുമായി മസ്കിന്റെ സംവാദം നടക്കും.
പ്രസിദ്ധമായ ‘മണ്ടേല: ലോങ് വാക് ടു ഫ്രീഡം’ എന്ന ചിത്രത്തിൽ നെൽസൺ മണ്ടേലയെ അവതരിപ്പിച്ച നടനാണ് ഇദ്രിസ് എൽബ. രണ്ടാം ദിവസമാണ് അദ്ദേഹം സംസാരിക്കുക. എഫ്.വൈ.ഐ സി.ഇ.ഒയും സംഗീതജ്ഞനും നിർമാതാവുമായ വിൽ അയാം, മെറ്റ ഗ്ലോബൽ അഫയേഴ്സ് പ്രസിഡന്റ് നിക്ക് ക്ലഗ്, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ്, സെനഗൽ പ്രസിഡന്റ് മാക്കി സാൽ, പരാഗ്വേ പ്രസിഡന്റ് മാരിയോ അബ്ദോ ബെനിറ്റെസ്, തുനീഷ്യ പ്രധാനമന്ത്രി നജ്ല ബൗദൻ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ എൻഗോസി ഒകോഞ്ഞോ, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ലോക സാമ്പത്തിക ഫോറം എക്സിക്യുട്ടീവ് ചെയർമാൻ ക്ലോസ് ഷ്വാബ്, ഐ.എം.എഫ് എം.ഡി ക്രിസ്റ്റലീന ജോർജീവ, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് അദ്നോം ഗബ്രേയസ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ സംസാരിക്കും. സർക്കാർ മേഖലയിലെ അഞ്ച് അവാർഡുകളും ഉച്ചകോടിയിൽ പ്രഖ്യാപിക്കും. കാലാവസ്ഥ വ്യതിയാനം, ഭാവി തൊഴിൽ സാധ്യതകൾ, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയായിരിക്കും പ്രധാന ചർച്ചാവിഷയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.