ഗ്ലോബൽ വില്ലേജിന് ഇന്ന് സമാപനം
text_fieldsദുബൈ: നഗരത്തിലെ ആഘോഷത്തിന്‍റെയും വിനോദത്തിന്‍റെയും പര്യായമായി മാറിയ ഗ്ലോബൽ വില്ലേജിന്‍റെ 27ാം സീസണിന് ഞായറാഴ്ച സമാപനം. ഒക്ടോബർ 27ന് ആരംഭിച്ച ഇത്തവണത്തെ സീസൺ റെക്കോർഡ് സന്ദർശകരെ സ്വീകരിച്ചാണ് ഇത്തവണ വിടവാങ്ങുന്നത്. അവസാനദിനങ്ങളിൽ വൈകുന്നേരം നാലുമുതൽ രാത്രി 2മണിവരെ പ്രവർത്തിച്ച മേളയിൽ വൻ തിരക്കാണള അനുഭവപ്പെട്ടത്. ഉഷ്ണ കാലാവസ്ഥ ശക്തിപ്പെടാത്ത സാഹചര്യത്തിൽ വളരെ സുഖകരമായ സാഹചര്യത്തിൽ സന്ദർശകർക്ക് വന്നുപോകാൻ സാധിച്ചുവെന്നത് ഇത്തവണത്തെ അനുകൂല ഘടകമായിരുന്നു.
ദുബൈയിലെ താമസക്കാരുടെയും സന്ദർശകരുടെയും ഏറ്റവും പ്രധാനപ്പെട്ട വിനോദ ആകർഷണ കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ വിവിധ പവലിയനുകളിൽ നിന്ന് വ്യത്യസ്ത തരം ഉൽപന്നങ്ങൾ വാങ്ങാനും വിവിധ പ്രദേശങ്ങളിലെ വൈവിധ്യപൂർണമായ രുചിഭേദങ്ങൾ ആസ്വദിക്കാനും ആയിരങ്ങളാണ് ഓരോ ദിവസവും എത്തിച്ചേർന്നത്.
ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവലിയനുകൾ, 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ എന്നിവയെല്ലാമാണ് എത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിരുന്നു. സന്ദർശകർക്ക് ആസ്വദിക്കാൻ 175ലധികം റൈഡുകളും ഗെയിമുകളും ലഭ്യമാക്കിയിട്ടുമുണ്ട്. സാധാരണ രണ്ട് കവാടങ്ങളിലൂടെ സന്ദർശകരെ പ്രവേശിപ്പിക്കുന്ന അധികൃതർ ഇത്തവണ മൂന്ന് ഗേറ്റുകളാണ് ഒരുക്കിയിരുന്നത്. അവസാന ദിനമായ ഞാറയാഴ്ച നിരവധിപേർ ഗ്ലോബൽ വില്ലേജിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.