ഗോ ഫസ്റ്റ്; കണ്ണൂർ യാത്രക്കാർ വലയും
text_fieldsദുബൈ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് വിമാന സർവിസുകൾ റദ്ദാക്കിയതോടെ ആശങ്കയിലാകുന്നത് കണ്ണൂർ യാത്രക്കാർ. എയർ ഇന്ത്യ എക്സ്പ്രസും ഗോ ഫസ്റ്റും മാത്രമാണ് യു.എ.ഇയിൽനിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്നത്. ഇതിൽ ഗോ ഫസ്റ്റും നിലച്ചാൽ കണ്ണൂർ യാത്രക്കാരുടെ നിലവിലെ പ്രതിസന്ധി ഇരട്ടിയാകും.
ദുബൈയിൽനിന്നും അബൂദബിയിൽനിന്നും ദിവസവും ഓരോ ഗോ ഫസ്റ്റ് വിമാനങ്ങളാണ് കണ്ണൂരിലേക്ക് നേരിട്ട് സർവീസ് നടത്തുന്നത്. മുംബൈ വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുമുണ്ട്.. മേയ് മൂന്നു മുതൽ അഞ്ചു വരെയുള്ള സർവിസുകൾ ഉണ്ടായിരിക്കില്ല എന്നാണ് നിലവിൽ ഗോ ഫസ്റ്റ് അധികൃതർ അറിയിച്ചിരിക്കുന്നത്. അഞ്ചിനുശേഷം എന്താകുമെന്ന കൃത്യമായ ചിത്രവും നിലവിൽ ലഭ്യമല്ല. ജൂണിലെ അവധിക്കാലം മുന്നിൽക്കണ്ട് നേരത്തേ ഗോ ഫസ്റ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവരുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് വൈകൽ സ്ഥിരമായതിനാൽ നല്ലൊരു ശതമാനം ആളുകളും ഗോ ഫെസ്റ്റിനെയാണ് ആശ്രയിക്കുന്നത്.
നിലവിൽ റദ്ദാക്കിയ ദിനങ്ങളിലെ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരിച്ചുനൽകുമെന്നാണ് ഗോ ഫെസ്റ്റിന്റെ അറിയിപ്പ്. എന്നാൽ, ഈ ദിനങ്ങളിൽ കൂടുതൽ തുക നൽകി ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചതിനാലും കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള സൗകര്യം ഏർപ്പെടുത്തിയതിനാലും ഈ ദിവസങ്ങളിൽ നിരവധി പേരാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തത്. ഈ ദിവസങ്ങളിൽ ടിക്കറ്റെടുത്തവർക്ക് മുഴുവൻ തുകയും തിരിച്ചുനൽകിയാലും പുതിയ ടിക്കറ്റ് ലഭിക്കണമെങ്കിൽ ഉയർന്ന തുക നൽകേണ്ടിവരും. ഇത് പ്രവാസികൾക്ക് തിരിച്ചടിയാകും. യു.എ.ഇക്ക് പുറമെ മസ്കത്തിലേക്കുള്ള വിമാന സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.
കണ്ണൂരിലേക്ക് കൂടുതൽ വിമാന സർവിസ് വേണമെന്ന ആവശ്യത്തിന് കണ്ണൂർ വിമാനത്താവളത്തിന്റെ വയസ്സിനോളം പഴക്കമുണ്ട്. എന്നാൽ, വലിയ വിമാനങ്ങൾക്ക് അനുമതി നൽകാത്തതിനാൽ ഗോ ഫസ്റ്റും എയർ ഇന്ത്യ എക്സ്പ്രസും മാത്രമായിരുന്നു ആശ്രയം. അതിനാൽ തന്നെ സീസണിൽ നിരക്ക് കുതിച്ചുയരുന്നതും പതിവാണ്. ഗോ ഫസ്റ്റ് നിർത്തിയാൽ എയർ ഇന്ത്യയുടെ കുത്തകയാകുമോ എന്നും സീസൺ അല്ലാത്തപ്പോഴും നിരക്ക് ഉയരുമോ എന്നും പ്രവാസികൾ ആശങ്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.