ഗോ ഫസ്റ്റിന് അനുമതി;പ്രതീക്ഷയിൽ പ്രവാസികൾ
text_fieldsദുബൈ: ബജറ്റ് എയർലൈനായ ഗോ ഫസ്റ്റിന് സർവിസുകൾ പുനരാരംഭിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയ സാഹചര്യത്തിൽ പ്രതീക്ഷയോടെ പ്രവാസികൾ. ഉപാധികളോടെ ജൂൺ 28 മുതൽ സർവിസുകൾ പുനരാരംഭിക്കാനാണ് ഡി.ജി.സി.എ ഗോ ഫസ്റ്റിന് അനുമതി നൽകിയിരിക്കുന്നത്. 22 വിമാനങ്ങളുമായി സർവിസ് നടത്താനാണ് അനുവാദം ചോദിച്ചതെങ്കിലും 15 എണ്ണത്തിനാണ് അനുമതി. ആദ്യഘട്ടം ആഭ്യന്തര സർവിസുകൾ മാത്രമായിരിക്കും ആരംഭിക്കുക. എന്നാൽ, വൈകാതെ അന്താരാഷ്ട്ര സർവിസ് ആരംഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ്.
നേരത്തേ ദുബൈ, അബൂദബി നഗരങ്ങളിൽനിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കുമാണ് ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നത്. താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നതിനാൽ വലിയ വിഭാഗം പ്രവാസികളും ഗോ ഫസ്റ്റിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് നിരക്ക് കുറഞ്ഞതിനാൽ ഒരു സമയത്ത് മധ്യകേരളത്തിൽ നിന്നുള്ള യാത്രക്കാർവരെ ഗോ ഫസ്റ്റിന്റെ കണ്ണൂർ സർവിസിനെ ആയിരുന്നു തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, കമ്പനി സർവിസ് നിർത്തിയതോടെ കണ്ണൂർ വിമാനത്താവളത്തെയും കാര്യമായി ബാധിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം മേയ് മൂന്നു മുതൽ കമ്പനി സർവിസ് നിർത്തിയതോടെ ജൂണിൽ വേനൽ അവധിക്ക് നാട്ടിലേക്ക് പോകാനായി ടിക്കറ്റ് എടുത്ത നൂറുകണക്കിന് പ്രവാസികൾ പെരുവഴിയിലായി. പലർക്കും ടിക്കറ്റുകൾക്ക് മുടക്കിയ പണം ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. വീണ്ടും സർവിസ് പുനരാരംഭിക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ ടിക്കറ്റുകളുടെ തുക തിരികെ നൽകുകയോ മറ്റൊരു സമയത്തേക്ക് യാത്ര മാറ്റിനൽകാനോ കമ്പനി തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.