ഗോൾഡൻ ഹാർട്ട് സംരംഭം: കുട്ടികളുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസുഫലി
text_fieldsഅബൂദബി: തന്റെ പ്രവാസത്തിന്റെ അരനൂറ്റാണ്ടിന് ആദരവർപ്പിച്ച് നടന്ന സംരംഭത്തിന്റെ ഭാഗമായി ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഈദ് ദിനം അവിസ്മരണീയമാക്കി എം.എ. യൂസുഫലി. ഡോ. ഷംഷീർ വയലിൽ നടപ്പാക്കിയ ഗോൾഡൻ ഹാർട്ട് സംരംഭത്തിലൂടെ പുതു ജീവിതത്തിലേക്ക് കടക്കുന്ന കുട്ടികളും അവരുടെ കുടുംബാംഗങ്ങളുമായാണ് യൂസുഫലി പ്രത്യേക ഓൺലൈൻ കൂടിക്കാഴ്ചയിലൂടെ സംസാരിച്ചത്. സാമ്പത്തിക പ്രയാസങ്ങളും സംഘർഷ സാഹചര്യങ്ങളും കാരണം ഹൃദയ ശസ്ത്രക്രിയ നടത്താനാകാതെ ബുദ്ധിമുട്ടിയ 50 കുട്ടികൾക്കാണ് ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റിവ് ആശ്വാസമായിരുന്നത്. ഇതിൽ 25ഓളം കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ ഓൺലൈനിലൂടെ നടന്ന കൂടിക്കാഴ്ചയുടെ ഭാഗമായി. കുട്ടികളുടെ ചികിത്സാ പുരോഗതി അദ്ദേഹം ചോദിച്ചറിഞ്ഞു. വേഗത്തിൽ ആരോഗ്യ നില വീണ്ടെടുക്കാൻ പ്രാർഥിക്കാം. ഇത്തരം സംരംഭങ്ങൾ സന്തോഷവും സംതൃപ്തിയും നൽകുന്നതാണ്. മൂത്ത മകളുടെ ഭർത്താവായ ഡോ. ഷംഷീർ തനിക്ക് സ്വന്തം മകനെ പോലെയാണ്. ഈ കുട്ടികൾ അവരുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ടവരായി വളരട്ടെ -അദ്ദേഹം പറഞ്ഞു.
പത്നി ഷബീറ യൂസുഫലി, ഡോ. ഷംഷീർ, ഡോ. ഷബീന യൂസുഫലി, പേരക്കുട്ടികൾ എന്നിവർക്കൊപ്പമാണ് യൂസുഫലി കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. കുട്ടികൾ എത്രയും വേഗം പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ഡോ. ഷംഷീറും ആശംസിച്ചു. യു.എ.ഇയിലെ യൂസുഫലിയുടെ 50ാം വാർഷികത്തിന് ആദരവായി ജനുവരിയിൽ ഡോ. ഷംഷീർ പ്രഖ്യാപിച്ച സംരംഭം ഇന്ത്യ, സെനഗൽ, ലിബിയ, തുനീഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് ശസ്ത്രക്രിയകൾ നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.