മികച്ച ദുബൈ വിദ്യാർഥികൾക്ക് ഗോൾഡൻ വിസയും സ്കോളർഷിപ്പും
text_fieldsദുബൈ: ഗ്രേഡ് 12ൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്കും ആദരവും സമ്മാനങ്ങളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മികവുറ്റ വിജയം നേടിയ ഇമാറാത്തി കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പും താമസക്കാരുടെ മക്കൾക്ക് പത്തുവർഷ ഗോൾഡൻ വിസയുമാണ് നൽകുക. ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും.
കഴിഞ്ഞ വർഷം മുതൽ 12ാം തരത്തിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് ഗോൾഡൻ വിസ നൽകിവരുന്നുണ്ട്. പുതിയ പ്രഖ്യാപനത്തോടെ ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് കരുതുന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടുകൾ പൂർത്തീകരിക്കുന്നതിന് മികച്ച കേഡർമാരെ ആവശ്യമാണെന്നും അതിനായാണ് പദ്ധതി നടപ്പാക്കുന്നതെന്നും ശൈഖ് ഹംദാൻ ട്വിറ്ററിൽ വ്യക്തമാക്കി. ഇത്തവണ ഗോൾഡൻ വിസക്ക് അർഹരായ വിദ്യാർഥികളെ ബന്ധപ്പെടുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ് ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ വർഷം 12ാം ക്ലാസ് പരീക്ഷയിലും ബിരുദ പരീക്ഷയിലും മികച്ച മാർക്ക് നേടിയ മലയാളികളടക്കമുള്ള വിദ്യാർഥികൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കുമാണ് ഗോൾഡൻ വിസ നൽകുന്നത്. ഏറെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതും 10 വർഷ കാലാവധിയുമാണ് വിസയെ ആകർഷകമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.