കോവിഡ് മുൻനിര പ്രവർത്തകർക്കും കുടുംബത്തിനും ഗോൾഡൻ വിസ
text_fieldsദുബൈ: കോവിഡ് മുൻനിര പ്രവർത്തകർക്കും കുടുംബത്തിനും ഗോൾഡൻ വിസ അനുവദിക്കാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ നിർദേശം നൽകി.
കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെയും ജനതയെയും സംരക്ഷിച്ച ആരോഗ്യപ്രവർത്തകരുടെ പകരംവെക്കാനില്ലാത്ത പോരാട്ടം കണക്കിലെടുത്താണ് നടപടിയെന്ന് ൈശഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. കോവിഡ് പ്രതിരോധപ്രവർത്തനത്തിനിടെ മരിച്ചവരുടെ കുടുംബം, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ അസാധാരണമായ പരിശ്രമങ്ങൾ നടത്തിയ പ്രവർത്തകർ എന്നിവരെയാണ് പത്തുവർഷ വിസക്കായി പരിഗണിക്കുക. നേരത്തെ രാജ്യത്തെ ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പുതിയ ഉത്തരവ് വന്നതോടെ, കോവിഡ് കാലത്ത് മികച്ച സേവനങ്ങൾ അർപ്പിച്ച നഴ്സുമാർ അടക്കമുള്ളവർക്ക് വിസ ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും. മലയാളികളായ നിരവധി പേർ ഈ മേഖലയിലുള്ളതിനാൽ പ്രവാസികൾ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് നോക്കുന്നത്.
2018ലാണ് ഗോൾഡൻ വിസ എന്ന പത്തുവർഷ താമസ പെർമിറ്റ് യു.എ.ഇ അനുവദിച്ചു തുടങ്ങിയത്. തുടക്കത്തിൽ ചുരുക്കം വിഭാഗങ്ങൾക്ക് മാത്രം അനുവദിച്ച ദീർഘകാല വിസ പിന്നീട് കൂടുതൽ വിഭാഗങ്ങൾക്ക് നൽകാൻ ആരംഭിച്ചു. നിലവിൽ വലിയ നിക്ഷേപമുള്ള ബിസിനസുകാർ, ശാസ്ത്രജ്ഞർ, കലാ-സാംസ്കാരിക മേഖലയിലെ വ്യക്തിത്വങ്ങൾ, അക്കാദമിക് വിദഗ്ധർ, കോഡർമാർ, ഉന്നത വിജയം നേടിയ വിദ്യാർഥികൾ തുടങ്ങിയവർക്കാണ് നിലവിൽ ഗോൾഡൻ വിസ ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.