പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഗുഡ് ബൈ പറയാൻ അജ്മാനും
text_fieldsസമുദ്ര മാലിന്യങ്ങളുടെ 85ശതമാനം പ്ലാസ്റ്റിക്കാണെന്ന് യു.എൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്. 2040ഓടെ ഈ എണ്ണം ഏകദേശം മൂന്നിരട്ടിയാകും. ഇത് സമുദ്രത്തിലെ പ്രതിവർഷം 23മുതൽ 37 ദശലക്ഷം മെട്രിക് ടൺ മാലിന്യത്തിന് തുല്യമാണ്. അതായത് തീരപ്രദേശത്ത് ഒരു മീറ്ററിന് ഏകദേശം 50 കിലോഗ്രാം പ്ലാസ്റ്റികുണ്ടാകും. അതുപോലെ തന്നെ ടൂറിസം, മത്സ്യബന്ധനം, മത്സ്യകൃഷി മേഖലകൾക്കും പൊതുവെ ആഗോള സമ്പദ്‌വ്യവസ്ഥക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഇതുണ്ടാക്കുന്നുമെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധി വളരെ വലുതാണ്. ലോകത്തിലെ വലിയൊരു വിഭാഗം ഇതിന്‍റെ ദൂഷ്യഫലങ്ങള്‍ ഇപ്പോൾതന്നെ അനുഭവിക്കുന്നുണ്ട്. പരിഹാരം തേടിയുള്ള യാത്രകള്‍ പലതും പരാജയപ്പെടുന്നത് പതിവ് കാഴ്ചയാണ്.
പ്ലാസ്റ്റിക്കിനെതിരെ ലോകത്ത് പല തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പൊതുജനങ്ങളുടെ ക്ഷേമം കണക്കിലെടുത്ത് അജ്മാന്‍ എമിറേറ്റും പ്ലാസ്റ്റിക് ബാഗിനെതിരെ പുതിയ പ്രതിരോധനിര ഒരുക്കുകയാണ്. ഇതിന്‍റെ ഭാഗമായി അടുത്തവർഷം മുതൽ അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനാണ് പദ്ധതി. ഇതിടനുബന്ധിച്ച് ഏറ്റവും മെച്ചപ്പെട്ട ബദല്‍ മാർഗങ്ങള്‍ ഒരുക്കുന്നതിന്‍റെ പണിപ്പുരയിലാണ് അധികൃതര്‍. ഇതിനായി വിദഗ്ധരുടെ നേതൃത്വത്തില്‍ നിരവധി സാധ്യതാപഠനങ്ങള്‍ നടക്കുകയാണ്.
അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ വർഷവും മേയ് 16ന് പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ എന്ന സംരംഭം നടപ്പാക്കുന്നുണ്ട്. ആ ദിവസം അജ്മാനിലെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളും പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കാന്‍ നിരോധനമുണ്ട്. ഈ കാമ്പയിന്‍ ജനങ്ങളുടെയും സ്ഥാപനങ്ങളുടേയും സഹകരണത്തോടെ വന്‍ വിജയമാകാറുണ്ട്. ഈ വർഷം ക്യാമ്പയിന്‍ 62 ശതമാനം വിജയം നേടിയതായാണ് കണക്കാക്കുന്നത്. ഒറ്റത്തവണ ഉപയോഗികാവുന്ന പ്ലാസ്റ്റിക്ക് സൃഷ്ടിക്കുന്ന അപകടങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനും നഗരസഭ പദ്ധതി തയ്യാറാക്കുന്നുണ്ട്.
ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യ പ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ക്യാരി ബാഗ് ഉല്‍പ്പന്നങ്ങളുടെ പരിശോധനാ ലാബ് യു.എ.ഇയിലെ തന്നെ ആദ്യത്തേതെന്ന് പറയാവുന്നത് അജ്മാനിലാണ് ആരംഭിച്ചത്. ജനങ്ങളുടെ നിത്യോപയോഗ സാധനമായ ക്യാരി ബാഗുകൾ നിര്‍ദേശിക്കപ്പെട്ട പ്രകാരമാണോ എന്ന് നഗരസഭ ആസൂത്രണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ ലാബില്‍ പരിശോധിക്കും. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് ബാഗുകള്‍ നിര്‍മ്മിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ നഗരസഭ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനുള്ള പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.