ദു:ഖവെള്ളി ആചരിച്ച് യു.എ.ഇയിലെ പള്ളികളും
text_fieldsദുബൈ: സഹനത്തിെൻറ ഓർമപുതുക്കി യു.എ.ഇയിലെ ദേവാലയങ്ങളിൽ ദു:ഖവെള്ളി ആചരിച്ചു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ നിശ്ചിത അളവിലുള്ള വിശ്വാസികളെ മാത്രമാണ് പള്ളിയിൽ പ്രവേശിപ്പിച്ചിരുന്നത്. വീടുകളിലിരുന്ന് ചടങ്ങുകൾ കാണാനും കേൾക്കാനുമുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഭൂരിപക്ഷം പള്ളികളും യൂ ട്യൂബ് ലൈവിലൂടെ തത്സമയം സംപ്രേഷണം ചെയ്തു. ഫുജൈറ സെൻറ് പീറ്റേഴ്സ് ജെ.എസ്.ഒ പള്ളിയിൽ നടന്ന ചടങ്ങിന് വികാരി ഫാ. സാജേ പി. മാത്യു നേതൃത്വം നൽകി. റാസൽ ഖൈമ സെൻറ് ഗ്രിഗോറിയസ് യാക്കോബൈറ്റ് സിറിയൻ ചർച്ചിൽ വികാരി ഫാ. സിജു എബ്രഹാം നേതൃത്വം നൽകി. ദുബൈ സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ യൂഹനാൻ മാർ ദെമെത്രിയോസിെൻറ നേതൃത്വത്തിൽ ശുശ്രൂഷകൾ നടന്നു.
അബൂദബി: അബൂദബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ബെന്നി മാത്യു മുഖ്യകാർമികത്വം വഹിച്ചു. കുരിശു വഹിച്ച് ദേവാലയ അങ്കണത്തിൽ വിശ്വാസികൾ പ്രദക്ഷിണം നടത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിശ്വാസികൾ മാത്രമാണ് പങ്കെടുത്തത്. ഇടവക ട്രസ്റ്റി നൈനാൻ തോമസ് പണിക്കർ, സെക്രട്ടറി ജോൺസൺ കാട്ടൂർ എന്നിവർ നേതൃത്വം നൽകി. അബൂദബി സെൻറ് ജോസഫ്സ് കത്തീഡ്രലിലെ ദു:ഖവെള്ളി ശുശ്രൂഷകൾ ബിഷപ് പോൾ ഹിൻഡറിെൻറ നേതൃത്വത്തിൽ നടന്നു. അബൂദബി മുസഫ മാർത്തോമ ചർച്ചിലെ ശുശ്രൂഷകൾക്ക് വികാരി റവ. ബാബു പി. കുലത്താക്കലും സി.എസ്.ഐ ഇടവകയുടെ ശുശ്രൂഷകൾക്കു വികാരി റവ. സോജി വർഗീസ് ജോണും നേതൃത്വം നൽകി.
മുസഫയിലെ സെൻറ് പോൾസ് പള്ളിയിലെ തിരുകർമങ്ങൾ ഫാ. വർഗീസ് കോഴിപാടെൻറ കാർമികത്വത്തിൽ നടന്നു. ഈ വർഷം ആദ്യമായി യേശുവിെൻറ തിരുസ്വരൂപത്തിെൻറ നഗരി കാണിക്കൽ ശുശ്രൂഷയോടെയായിരുന്നു ദു:ഖവെള്ളി ചടങ്ങുകൾ എന്നതാണ് പ്രത്യേകത. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സെൻറ് പോൾസ് കത്തോലിക്ക ദേവാലയത്തിനുള്ളിൽ നടന്ന നഗരി കാണിക്കൽ പ്രദക്ഷിണം വിശ്വാസികൾക്ക് പ്രത്യേക അനുഭവമായി. യേശുക്രിസ്തുവിെൻറ വലിയ രൂപം ഒറ്റത്തടിയിൽ ആറുമാസത്തോളം സമയമെടുത്താണ് നിർമിച്ചത്. അബൂദബി സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻസ് എസ്റ്റാബ്ലിഷ്മെൻറ് എം.ഡിയും മലയാളം പ്രാർഥന കോഓഡിനേഷൻ കമ്മിറ്റി കോഓഡിനേറ്റർ കൂടിയായ ലൂയിസ് കുര്യാക്കോസാണ് തിരുസ്വരൂപം സെൻറ് പോൾസ് പള്ളിക്കുവേണ്ടി നാട്ടിൽ നിന്നെത്തിച്ചത്.
അൽഐൻ സെൻറ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് വികാരി ഫാ. സെബി എൽദോസ് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. നിദിൻ ഗീവർഗീസ് സഹ കാർമികനായിരുന്നു. രാവിലെ ഏഴിന് ദേവാലയത്തിൽ ദു:ഖവെള്ളി ശുശ്രൂഷകൾ ആരംഭിച്ചെങ്കിലും വിശ്വാസികൾക്ക് ഉച്ചക്ക് 12.30 മുതലായിരുന്നു പ്രവേശനം നൽകിയത്. രാവിലെ നടന്ന ചടങ്ങുകൾ വിശ്വാസികൾ വീടുകളിൽ ഓൺലൈൻ സംവിധാനത്തിലൂടെ വീക്ഷിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത രണ്ടു പേർക്കു മാത്രമാണ് ഓരോ വീടുകളിൽനിന്ന് ദേവാലയത്തിൽ പ്രവേശനം നൽകിയത്. വിശ്വാസികൾക്ക് കയ്പുനീർ പ്രത്യേകം പാക്ക് ചെയ്താണ് വിതരണം ചെയ്തത്. ഇടവക ട്രസ്റ്റി ജോസഫ് വർഗീസ്, ട്രസ്റ്റി സജി ഉതുപ്പ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.